‘പെന്‍ഷന്‍ മുടക്കി സര്‍ക്കാര്‍’; സ്പീക്കര്‍ മുന്നില്‍ പ്രതിഷേധിച്ച ശേഷം സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ എംഎല്‍എമാര്‍ സഭ വിട്ടു. ചോദ്യോത്തര വേളയ്ക്ക് ശേഷം അടിയന്തര പ്രമേയ നോട്ടീസിന് പ്രതിപക്ഷം അനുമതി തേടിയിരുന്നു. അനുമതി നിഷേധിച്ചതോടെയാണ് സഭ ബഹിഷ്‌കരിച്ചത്. സ്പീക്കറുടെ മുന്നില്‍ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. തുടര്‍ന്ന് നിയമസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

സര്‍ക്കാരല്ല കൊള്ളക്കാരാണ്, പെന്‍ഷന്‍ മുടക്കി സര്‍ക്കാര്‍ കേരളത്തിന് ആവശ്യമില്ല എന്നീ കാര്യങ്ങളാണ് പ്ലക്കാര്‍ഡില്‍ ഉയര്‍ത്തിയത്. അഞ്ച് മാസമായി സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണെന്നും ചക്കിട്ടപ്പാറയില്‍ ഒരു ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പെന്‍ഷന്‍ വിതരണം പുനഃരാരംഭിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആര്‍ഭാടവും ദൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുന്‍ഗണന. കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെക്കുറിച്ചുമാണ് സര്‍ക്കാര്‍ ഇപ്പോഴും സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. പാവപ്പെട്ട മനുഷ്യര്‍ പ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം പെന്‍ഷന്‍ വിതരണത്തിന്റെ താളംതെറ്റാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ബാലഗോപാല്‍ രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വന്നു. കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ധനമന്ത്രിയുടെ മറുപടിയോടെയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments