ന്യൂഡൽഹി: അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്‌ത രാമക്ഷേത്രം തുറന്നതുമുതൽ ഏകദേശം 19 ലക്ഷം ഭക്തർ ഇവിടേക്ക് എത്തിയതായി റിപ്പോർട്ടുകൾ. പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷം ജനുവരി 23ന് പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന് കൊടുത്തതിന് പിന്നാലെ ഇതുവരെ 18.75 ലക്ഷം തീർത്ഥാടകർ ശ്രീരാമന്റെ വിഗ്രഹം കാണാൻ അയോധ്യയിലേക്ക് എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്ഷേത്ര തുറന്നുകൊടുത്ത ആദ്യ ദിവസം മാത്രം 5 ലക്ഷം സന്ദർശകരാണ് ഇവിടെ എത്തിയത്, പിന്നീട് ദിനംപ്രതി ശരാശരി 2 ലക്ഷത്തിലധികം സന്ദർശകരുടെ എണ്ണം സ്ഥിരമായി തുടരുകയാണ്. ജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനും പ്രാദേശിക അധികാരികളും ക്ഷേത്ര ട്രസ്‌റ്റും പ്രവർത്തിക്കുന്നുണ്ട്. വലിയ ജനക്കൂട്ടത്തിനിടയിൽ ക്യൂകൾ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
392 തൂണുകളും 44 വാതിലുകളും ഉൾക്കൊള്ളുന്ന പരമ്പരാഗത നാഗര ശൈലിയിലുള്ള വാസ്‌തുവിദ്യയാൽ പണിത ക്ഷേത്ര സമുച്ചയം തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. ക്ഷേത്രത്തിന് ഉൾവശം എല്ലാം ഹിന്ദു ദേവതകളുടെ സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹമുണ്ട്.
അഞ്ച് വയസ്സുള്ള ശ്രീരാമന്റെ വിഗ്രഹമാണ് ഇവിടെ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കിഴക്ക് ഭാഗത്താണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. 32 പടികൾ കയറിയാൽ ക്ഷേത്രത്തിലേക്ക് എത്താം.
അതേസമയം, അയോധ്യയിൽ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത്, ദർശനത്തിനായി ദർശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകൾ ക്ഷേത്ര ഭരണസമിതി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന് രാവിലെയും വൈകുന്നേരവും ‘ആരതി’ സമയങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. 2024 ഡിസംബർ മാസത്തോടെ ക്ഷേത്രത്തിന്റെ പണി പൂർത്തിയാകും എന്നാണ് വിലയിരുത്തൽ.
ജനുവരി 22ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് മൈസൂരുവിൽ നിന്നുള്ള ശിൽപിയായ അരുൺ യോഗിരാജ് രൂപകൽപന ചെയ്‌ത 51 ഇഞ്ച് ഉയരമുള്ള രാം ലല്ല വിഗ്രഹം രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചടങ്ങിലെ മുഖ്യാഥിതി. കൂടാതെ ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും പ്രാണ പ്രതിഷ്‌ഠയിൽ പങ്കെടുത്തിരുന്നു.
ക്ഷണിക്കപ്പെട്ട 8000 ത്തോളം വിശിഷ്‌ടാതിഥികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ് നടന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ഈ ക്ഷേത്രത്തിലേക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.