KeralaPolitics

മന്ത്രി ബിന്ദുവിന്റെ ചികിത്സക്ക് 1.50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് ചെലവായ 1,53,709 രൂപ അനുവദിച്ചു.

തിരുവനന്തപുരം ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികില്‍സക്ക് ചെലവായ തുക ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 23 ന് പൊതുഭരണവകുപ്പില്‍ നിന്ന് പണം അനുവദിച്ച് ഉത്തരവ് ഇറങ്ങി.

മന്ത്രിമാരുടെ ചികില്‍സക്ക് ചെലവായ തുക മാറുന്നതിന് ട്രഷറി നിയന്ത്രണം തടസമില്ല. അതുകൊണ്ട് തന്നെ മന്ത്രി ബിന്ദുവിന് ട്രഷറിയില്‍ നിന്ന് പണം ഉടന്‍ ലഭിക്കും.

ഇതിന് മുമ്പ് മന്ത്രി ബിന്ദുവിന്റെ കണ്ണട വാങ്ങാൻ 30,500 രൂപ ചെലവാക്കിയത് വാർത്തയായിരുന്നു. ചെലവായ തുകക്ക് അപേക്ഷിച്ചിട്ട് ആറുമാസം കഴിഞ്ഞായിരുന്നു അന്ന് തുക നല്‍കിയത്. അപേക്ഷിച്ചിട്ട് 6 മാസം കഴിഞ്ഞാണ് മന്ത്രി ബിന്ദുവിന് കണ്ണടക്ക് ചെലവായ തുക കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഇതില്‍ നിന്ന് വ്യക്തം.

ശൈലജ ടീച്ചര്‍ മന്ത്രിയായപ്പോള്‍ കണ്ണട വാങ്ങിയത് 29000 രൂപയ്ക്കാണ്. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നപ്പോള്‍ 49,900 രൂപക്കാണ് കണ്ണട വാങ്ങിയത്. കണ്ണടക്ക് ചെലവായ അരലക്ഷം രൂപ ശ്രീരാമകൃഷ്ണനും ഖജനാവില്‍ നിന്ന് വാങ്ങി.

1.22 കോടിയാണ് ഡോ. ആര്‍. ബിന്ദുവിന്റെ ആസ്തി. കോടീശ്വരിയായ ബിന്ദു കണ്ണട വാങ്ങുന്നതും ചികിത്സ നടത്തുന്നതും സര്‍ക്കാര്‍ ചെലവിലാണ്.

മന്ത്രി ആയാല്‍ മൊട്ട് സൂചി പോലും വാങ്ങാന്‍ കയ്യില്‍ നിന്ന് പണം മുടക്കണ്ട. എല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിക്കും. കുടുംബത്തിന്റെ ചികില്‍സ ഉള്‍പ്പെടെ എല്ലാം ഫ്രീ. നികുതി വര്‍ധനയോ , വാട്ടര്‍ ചാര്‍ജ് വര്‍ധനയോ, കറന്റ് ചാര്‍ജ് വര്‍ധനയോ, ഇന്ധന വിലയോ ഒന്നും മന്ത്രിമാരെ ബാധിക്കില്ല. മന്ത്രിമാര്‍ ഓരോ ദിവസവും ഓരോന്ന് വാങ്ങിക്കൂട്ടും. ഭാരം വഹിക്കാന്‍ സര്‍ക്കാര്‍ ഖജനാവുമെന്നുള്ള വിമര്‍ശനങ്ങളും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *