ബീഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പുതിയ അധ്യായം രചിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത സമര്‍പ്പിച്ച നിതീഷ് കുമാര്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ തള്ളിപ്പറഞ്ഞു. ഇന്നുതന്നെ ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒമ്പതാം തവണയാണ് നിതീഷിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ.
നിതീഷിന്റെ രാജിക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തുവന്നു. മുന്നണി മാറുമെന്ന് അറിയാമായിരുന്നെന്നും ഓന്തിന് വെല്ലുവിളിയാണ് നിതീഷ് കുമാറെന്നും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
ഏഴുമണിയോടെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി മൂന്നുമണിക്ക് ശേഷം കൂടിക്കാഴ്ച്ച നടത്തും. അതേസമയം നിതീഷിനൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്കു ചേക്കേറുന്നതായുള്ള സൂചന ശക്തമാണ്. ആകെയുള്ള 19 എംഎല്‍എമാരില്‍ 11 എംഎല്‍എമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണു റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വവും പാര്‍ട്ടിയുടെ എംഎല്‍എമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും.
ആകെയുള്ള 243 സീറ്റുകളില്‍ 122 സീറ്റുകളാണ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്‍ ബിജെപി- 78, ആര്‍ജെഡി 79, ജെഡിയു 45, കോണ്‍ഗ്രസ്- 19, ഇടത് കക്ഷികള്‍- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോകുന്നതോടെ ആര്‍ജെഡി + കോണ്‍ഗ്രസ് + ഇടത് കക്ഷികള്‍ക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തില്‍നിന്ന് 8 സീറ്റ് കുറവാണിത്. അപ്പുറത്ത് ബിജെപിയും ജെഡിയും ഒന്നിക്കുന്നതോടെ 123 സീറ്റോടെ കേവല ഭൂരിപക്ഷം കടക്കാം.
2020ല്‍ ബിജെപിയുമായി ചേര്‍ന്ന് അധികാരത്തില്‍ വന്ന നിതീഷ്, 2022 ഓഗസ്റ്റ് 9ന് ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യവുമായി കൂട്ടുചേരാനായി രാജിവച്ചു. പിറ്റേന്ന് അവരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി മഹാസഖ്യം വിട്ടു ബിജെപി സഖ്യത്തിലേക്കും ചേക്കേറി.
നിതീഷിന്റെ കരണംമറിച്ചിലുകള്‍
- 2014: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ജെഡിയുവിലെ ആഭ്യന്തരപ്രശ്‌നം മൂലം രാജി. 2015 ല്‍ ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തില്‍.
- 2017: ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ രാജി. തുടര്‍ന്നു ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി.
- 2022: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിട്ടു. ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി
- 2024: ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിടുന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകും.