ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ; കേരളം പണം മുടക്കും; സിആർപിഎഫിന്റെ Z+ സെക്യൂരിറ്റി

കൊല്ലത്ത് എസ്.എഫ്.ഐ പ്രവർത്തകരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖാമുഖം ഏറ്റുമുട്ടിയതിന് പിന്നാലെ ഗവർണർക്ക് സി.ആർ.പി.എഫിന്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ വഴിതടഞ്ഞ് കരിങ്കൊടി കാണിക്കുകയും കാറില്‍ അടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോലീസുകാരോടും എസ്.എഫ്.ഐ പ്രവർത്തകരോടും കൊമ്പു കോർത്തത്.

കേന്ദ്ര സുരക്ഷ ഒരുക്കിയ കാര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക എക്‌സ് പേജിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധത്തിനു പിന്നാലെ പ്രധാനമന്ത്രി ഓഫിസില്‍നിന്നും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായാണ് വിവരം.

കേന്ദ്ര സുരക്ഷാ സേനയുടെ ഉന്നത സുരക്ഷക്ക് ചെലവാകുന്ന തുക സംസ്ഥാനം തന്നെ വഹിക്കേണ്ടി വരും. ഗവർണറും കേരളവും തമ്മിലുള്ള തർക്കത്തില്‍ കോടതിയില്‍ ചെലവാക്കുന്നത തുകയ്ക്ക് പുറമേ സുരക്ഷക്കും പൊതുജനങ്ങലുടെ കോടികള്‍ ചെലവാകുമെന്ന് ഉറപ്പായിട്ടുണ്ട്.

റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങള്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് രാജ്ഭവന്‍ കൈമാറി. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ടു നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഇതിന്റെ തുടര്‍നടപടികള്‍ എന്താകുമെന്നതില്‍ ആകാംക്ഷയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലേക്ക് കേന്ദ്രം ഇടപെടുന്നതിന്റെ സൂചനയാകും ഇതെന്നും വിലയിരുത്തലുണ്ട്.

അതേസമയം, ഗവര്‍ണറുടെ നടപടികള്‍ കേന്ദ്രനിര്‍ദേശപ്രകാരമാണെന്ന ആരോപണവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. ശിശുസഹജമായ അദ്ദേഹത്തിന്റെ കൗതുകങ്ങളോ വാശിയോ മാത്രമായി ഇതിനെ കാണാനാവില്ല. കാരണം, പ്രതിഷേധത്തിനു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം വന്നു. ഗവര്‍ണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം തൊട്ടുപിന്നാലെ വരുമ്പോള്‍ അതു കാണിക്കുന്നത് വിപുലമായ രാഷ്ട്രീയ അജന്‍ഡയാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം നിലമേലില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറില്‍ നിന്നിറങ്ങി കസേരയിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയില്‍ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അന്‍പതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം. എഫ്‌ഐആര്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ എഫ്‌ഐആര്‍ കണ്ടതിനു ശേഷമാണ് ഗവര്‍ണര്‍ കാറില്‍ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തില്‍ എത്തിക്കുന്നതെന്നും ആരോപിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments