Kerala

എല്ലാത്തിനും ഉത്തരവുമായി കൃഷണകുമാറിന്റെ മകൾ; ഡയമണ്ട് മോതിരത്തിന് പിന്നിലെ കഥ

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ‘അതെ അവന്റെ ചോദ്യത്തിന് ഞാൻ യെസ് പറഞ്ഞു’എന്ന വാക്കുകളോടെ തന്റെ മോതിരമണിഞ്ഞ കൈ ഒരാൾ പിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ദിയ ഇത് പരസ്യമാക്കിയത്. എന്നാൽ തന്നെ പ്രപ്പോസ് ചെയ്തത് ആരെന്ന് വ്യക്തമാക്കിയിരുന്നില്ല.

വൈകാതെ തന്നെ പ്രപ്പോസ് ചെയ്തയാളുടെ മുഖം ദിയ പങ്കുവെച്ചു. ദിയയുടെ അടുത്ത സുഹൃത്ത് അശ്വിൻ ഗണേഷാണ് താരത്തെ പ്രെപ്പോസ് ചെയ്തത്. ഇതിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. സിനിമാറ്റിക് രീതിയിലുള്ള പ്രൊപ്പോസൽ രംഗങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു വീഡിയോ. കണ്ണുകെട്ടി നിറയെ പൂക്കൾ കൊണ്ടലങ്കരിച്ച വേദിയിലേക്ക് ദിയയെ സുഹൃത്തുക്കൾ കൊണ്ടുവരുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നാലെ ദിയയുടെ കണ്ണിലെ കെട്ടഴിക്കുമ്പോൾ മോതിരവുമായി മുട്ടുകുത്തിയിരുന്ന് ‘വിൽയു മാരി മി’എന്നാണ് അശ്വിൻ വീഡിയോയിൽ ചോദിക്കുന്നത്. അമ്പരപ്പും സന്തോഷവും നാണവും നിറഞ്ഞ ദിയയെ വീഡിയോയിൽ കാണാം. തുടർന്ന് വിരൽനീട്ടി മോതിരം സ്വീകരിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസയറിച്ച് എത്തിയത്. പലർക്കും അറിയാനുണ്ടായിരുന്നത് എപ്പോഴാണ് വിവാഹം എന്നായിരുന്നു. ഇപ്പോഴിതാ അതിനും മറുപടി നൽകുകയാണ് ദിയ. പ്രപ്പോസൽ ദിവസത്തെ കുറിച്ചും അശ്വിൻ മോതിരം വാങ്ങിയതിനെ കുറിച്ചുമെല്ലാം വിശദീകരിക്കുന്ന പുതിയ വീഡിയോയിൽ ആണ് ദിയ ഇതിന് ഉത്തരം നൽകിയത്.

വീഡിയോയിൽ ദിയ പറയുന്നത് ഇങ്ങനെ-‘പ്രൊപ്പോസലിനെ കുറിച്ച് എനിക്ക് ക്ലൂ ലഭിച്ചിരുന്നു. ഇല്ല എന്ന് പറയില്ല അത്ര വിഡ്ഢിയൊന്നുമല്ല ഞാൻ. പക്ഷേ ഇത്രയും സംഭവങ്ങളൊന്നും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് സംഭവിച്ച കാര്യങ്ങളിൽ താൻ ഏറെ സന്തോഷവതിയാണ്. അശ്വിൻ സമ്മാനിച്ച മോതിരം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. സ്വർണവും ഡയമണ്ടും ചേർത്ത് തയ്യാറാക്കിയതാണ് മോതിരം.

എന്തുകൊണ്ട് ഡേറ്റ് ചെയ്തൂടെ,എന്തുകൊണ്ട് നിങ്ങൾക്ക് വിവാഹിതരായിക്കൂട എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ടായിരുന്നു. അതിന് ദാ ഇപ്പോൾ ഉത്തരവുമായി വന്നിരിക്കുകയാണ്. ഒരുപക്ഷേ ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം ഞങ്ങൾ തീർച്ചയായും വിവാഹിതരാകും’, ദിയ വ്യക്തമാക്കി.

വളരെ നാളായി ഇരുവരും അടുത്ത സുഹൃത്തക്കളാണ്. ഇരുവരും മികച്ച ജോഡിയാണെന്നും നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെയെന്നുമാണ് പലരും കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *