സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയ; ​ഗായികയ്ക്ക് ദാരുണാന്ത്യം

നമ്മുടെയീ ലോകത്ത് കോസ്മെറ്റിക് സർജറികൾ വ്യാപകമാകുന്നതിനൊപ്പം തന്നെ ഇതിൻറെ സങ്കീർണതകളും അനന്തരഫലങ്ങളും പാർശ്വഫലങ്ങളുമെല്ലാം വർധിച്ചിട്ടുണ്ട്. കോസ്മെറ്റിക് സർജറി പിഴച്ച്, അതിൽ പെട്ടുപോയ പലരുമുണ്ട്. ജീവൻ തന്നെ നഷ്ടപ്പെട്ടരുണ്ട്. അത് സെലിബ്രിറ്റികളാകുമ്പോൾ നാം അറിയുന്നു എന്ന് മാത്രം.

സമാനമായ രീതിയിൽ കോസ്മെറ്റിക് സർജറിക്ക് പിന്നാലെയുണ്ടായ സങ്കീർണതകളെ തുടർന്ന് ബ്രസീലിയൻ ഗായിക മരിച്ച വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാൽപത്തിരണ്ടുകാരിയായ ഡാനി ലീ (ഡീനിയേലെ ഫോൻസെക മഷാഡോ) എന്ന പോപ് ഗായികയാണ് മരിച്ചത്.

സൗന്ദര്യം കൂട്ടുക എന്നതുതന്നെയായിരുന്നു ഡാനി ലീയുടെയും ലക്ഷ്യം. വയറിൽ നിന്നും പൃഷ്ടഭാഗത്ത് നിന്നും കൊഴുപ്പ് നീക്കം ചെയ്യുക, സ്തനങ്ങൾ ഒന്ന് ചെറുതാക്കുക- ഇത്രയുമായിരുന്നു വത്രേ ഡാനി ലീയുടെ ലക്ഷ്യം.

എന്നാൽ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ‘ലിപ്പോസക്ഷൻ’ സർജറിക്കിടെ ആരോഗ്യനില പ്രശ്നത്തിലായി എന്ന് മാത്രമേ റിപ്പോർട്ടുകൾ പറയുന്നുള്ളൂ. ശേഷം ഉടനെ അടിയന്തര ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭർത്താവും ഏഴ് വയസുള്ള മകളുമുണ്ട് ഡാനി ലീക്ക്. ആമസോൺ കാടുകളുടെ ഭാഗമായ അഫുവയിൽ ജനിച്ച ഡാനി ലീ അഞ്ച് വയസ് മുതൽ തന്നെ സംഗീതം പരിശീലിച്ചിരുന്നു. ടാലൻറ് ഷോകളിലൂടെയെല്ലാം പ്രശസ്തയായ ഡാനി ലീ ‘അയാം ഫ്രം ദ ആമസോൺ…’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധേയയാകുന്നത്.

സൗന്ദര്യം വർധിപ്പിക്കുന്നതിനോ, ആരോഗ്യപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ, ഇങ്ങനെ ഏത് ലക്ഷ്യത്തിനായോ കോസ്മെറ്റിക് സർജറി ചെയ്യുന്നതിൽ പ്രശ്നമില്ല. ലക്ഷ്യമല്ല ഇവിടെ വിഷയം. ആരാണ് സർജറി ചെയ്യുന്നത്, എവിടെ വച്ചാണ് ചെയ്യുന്നത്, ഇത് എത്രമാത്രം വിജയകരമായി തന്നിൽ ചെയ്യാം, തനിക്ക് ഇത് യോജിക്കുമോ എന്നെല്ലാമുള്ള അന്വേഷണം നടത്തേണ്ടത് നിർബന്ധമാണ്. പല ക്ലിനിക്കുകളും നിയമവിരുദ്ധമായും, അശാസ്ത്രീയമായുമെല്ലാമാണ് കോസ്മെറ്റിക് സർജറികൾ നടത്തുന്നത്. ഇത് അറിയാതെ ഇവിടെ പെട്ടുപോയാൽ പിന്നെ ജീവൻ തന്നെ തുലാസിലാകാം.

കോസ്മെറ്റിക് സർജറിക്ക് മുമ്പ് ആരോഗ്യനില, എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നീ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ നിർദേശം തേടിയിരിക്കണം. ഇത് 100 ശതമാനവും നിർബന്ധമാണ്. അത് എത്ര ചെറിയ കോസ്മെറ്റിക് സർജറി ആണെങ്കിലും. അതുപോലെ സർജറി ചെയ്യുന്നത് ആരാണ്, ഏതാണ് ആശുപത്രി/ ക്ലിനിക്ക്- എന്താണ് ഇവരുടെ വിശ്വാസ്യത, മൂല്യം എന്നിങ്ങനെയുള്ള കാര്യങ്ങളിലും മുഴുവൻ ഉറപ്പ് വേണം. ഇത്രയും ശ്രദ്ധിച്ചാൽ തന്നെ കോസ്മെറ്റിക് സർജറി മൂലമുള്ള സങ്കീർണതകൾ ചുരുക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments