കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിൽ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ബി.ജെ.പി. ലീഗൽ സെല്ലിന്റെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണത്തിനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹയർ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ. സുധീഷ്, ഹയർ ഗ്രേഡ് കോർട്ട് കീപ്പർ പി.എം. സുധീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിക്കുന്ന പരാമർശങ്ങൾ നാടകത്തിലുണ്ടെന്നാണ് ബി.ജെ.പി. ലീഗൽ സെല്ലിന്റേയും ഭാരതീയ അഭിഭാഷക പരിഷത്തിന്റേയും പരാതി.
പരാതിയിൽ ഹൈക്കോടതി പ്രാഥമിക പരിശോധന നടത്തി. അഡ്മിനിസ്‌ട്രേഷൻ രജിസ്ട്രാറോട് സംഭവത്തിൽ വിശദീകരണം തേടി. സസ്‌പെൻഡ് ചെയ്യപ്പെട്ട ടി.എ. സുധീഷാണ് നാടകം എഴുതിയത്. വൺ നാഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്.