International

ഭക്ഷണത്തിന് ടിപ്പ് നൽകിയത് 20 ലക്ഷം രൂപ; റെസ്റ്റോറൻറ് ബില്ല് കണ്ട് ഞെട്ടി സോഷ്യൽമീഡിയ

ദുബായ്: അത്താഴ ഭക്ഷണം കഴിച്ച ശേഷം 20 ലക്ഷം രൂപയിലധികം ടിപ്പായി നൽകുമോ? ദുബായ് ജുമൈറയിലെ സാൾട്ട് ബേ നുസ്‌റത്ത് സ്റ്റീക്ക് ഹൗസിൽ ഭക്ഷണം കഴിച്ച ഉപഭോക്താവ് ജീവനക്കാർക്ക് പാരിതോഷികമായി നൽകിയത് 9,0000 ദിർഹം (20,36,375 രൂപ). റെസ്റ്റോറന്റ് ഉടമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ബില്ല് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ 5.3 കോടി ഫോളോവേഴ്‌സുള്ള തുർക്കി ഷെഫും റെസറ്റോറൻറ് ഉടമയും നടത്തിപ്പുകാരനുമായ നുസ്‌റത്ത് ഗോക്സെ ആണ് ബില്ലിന്റെ ചിത്രം പങ്കുവച്ചത്. ‘പണം വരും, പണം പോകും’ എന്ന അടിക്കുറിപ്പോടെയാണ് 40 കാരന്റെ പോസ്റ്റ്. ഭക്ഷണത്തിനായി 3,98,630 ദിർഹവും (90,19,288 രൂപ) ടിപ്പായി 9,0000 ദിർഹവും (20,36,375 രൂപ) നൽകിയതായി ബില്ലിൽ കാണിക്കുന്നു.

ജനുവരി 20 ശനിയാഴ്ച രാത്രി 10:08 എന്ന സമയമാണ് ബില്ലിൽ കാണിക്കുന്നത്. ഉപഭോക്താക്കളുടെ പേര് വിവരങ്ങൾ നൽകിയിട്ടില്ല. ബീഫ് കാർപാസിയോ, സാലഡ്, ബക്ലാവ, ഫ്രഞ്ച് ഫ്രൈകൾ, ഫ്രൂട്ട് പ്ലേറ്റർ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് ആസ്വദിച്ചത്. ഒരു ഫിലറ്റ് മിഗ്‌നോണും മൂന്ന് സ്റ്റീക്കുകളും ഉൾപ്പെടെ സ്വർണം പൊതിഞ്ഞ മാംസത്തിന്റെ ആഡംബരഭക്ഷണവും അവർ കഴിച്ചു.

ആൾക്കഹോൾ അടങ്ങിയതും ഇല്ലാത്തതുമായ പാനീയങ്ങൾക്കു വേണ്ടിയും ലക്ഷങ്ങൾ പൊടിച്ചു. പാനീയങ്ങളിൽ നാല് പോൺ സ്റ്റാർ മാർട്ടിനിസിന് 480 ദിർഹം (10,860 രൂപ), രണ്ട് കുപ്പി പെട്രസ് 2009ന് 1,98,000 ദിർഹം (44,79,818 രൂപ), ഒരു കുപ്പി പെട്രസ് 2011ന് 65,000 ദിർഹം (14,70,647 രൂപ), അഞ്ച് ഡബിൾ ഗ്ലാസ് ലൂയിസ് XIII കോഗ്‌നാക്കിന് 27,500 ദിർഹം (6,22,197 രൂപ) എന്നിങ്ങനെയാണ് വില കാണിക്കുന്നത്.

ബില്ല് കണ്ട നെറ്റിസൺസ് ഞെട്ടൽ രേഖപ്പെടുത്തി. ചിലർ പണം ഇങ്ങനെ ചെലവഴിക്കുന്നതിലുള്ള വെറുപ്പും പ്രകടിപ്പിച്ചു. ഏറ്റവും ഓവർറേറ്റഡ്, ഓവർപ്രൈസ്ഡ് റെസ്റ്റോറന്റ് എന്ന കമന്റിനെ പതിനായിരത്തിലധികം പേർ പിന്തുണച്ചു. ആ പണം കൊണ്ട് ബ്രോക്ക് ഒരു മാസത്തേക്ക് ഗാസാ മുനമ്പിൽ ഭക്ഷണം കൊടുക്കാമായിരുന്നു എന്ന കമന്റിനും പിന്തുണ ലഭിച്ചു. ബ്രെയിൻഡെഡ് കൺസ്യൂമറിസത്തിന്റെ പാരമ്യത എന്നതാണ് മറ്റൊരു കമെന്റ്, ലക്ഷങ്ങൾ പട്ടിണികിടക്കുമ്പോൾ പണം ധൂർത്തടിക്കുന്നതിനെയും ചിലർ വിമർശിച്ചു. പണം നിങ്ങൾക്ക് ആവശ്യത്തിലധികമുണ്ടെങ്കിലും ഈ ‘പട്ടി ഷോ’ യുടെ ആവശ്യമെന്തെന്ന് ചോദിക്കുന്നവരുമുണ്ട്.

90 ലക്ഷത്തിൻറെ ബില്ലിന് 20 ലക്ഷമാണ് ടിപ്പെങ്കിലും വെയിറ്റർക്ക് രണ്ടു ലക്ഷം മാത്രമേ ലഭിക്കാനിടയുള്ളൂവെന്നും അഭിപ്രായമുള്ളവരുണ്ട്. ഇത്രയും മോശം ഭക്ഷണത്തിന് ഇത്രയധികം തുക ചെലവഴിക്കാമോയെന്ന് ഒരാൾ ചോദിച്ചപ്പോൾ പകൽക്കൊള്ള എന്നാണ് മറ്റൊരു കമൻറ്. പണം ധൂർത്തടിക്കുന്നതിനെ വിമർശിച്ചാണ് കൂടുതൽ പ്രതികരണങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *