National

ഭർത്താവിന്‍റെ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കാന്‍ സ്ത്രീകള്‍ ബാധ്യസ്ഥർ : ഹൈക്കോടതി

റാഞ്ചി: ഭർത്താവിന്‍റെ അമ്മയെയും അമ്മൂമ്മയെയുമെല്ലാം സേവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ബാധ്യസ്ഥരാണെന്ന് ജാർഖണ്ഡ് ഹൈക്കോടതി. മനുസ്മൃതിയിലെ ചില വരികള്‍ ഉദ്ധരിച്ച ജഡ്ജി, പ്രായമായവരെ പരിചരിക്കുന്നതാണ് ഇന്ത്യയിലെ സംസ്കാരമാണെന്നും അഭിപ്രായപ്പെട്ടു.

ഭാര്യക്ക് പ്രതിമാസം 30,000 രൂപയും പ്രായപൂർത്തിയാകാത്ത മകന് 15,000 രൂപയും പ്രതിമാസം ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തുള്ള ഭർത്താവിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.”കുടുംത്തിലെ സ്ത്രീ നല്ലവളെങ്കില്‍ ആ കുടുംബം അഭിവൃദ്ധിയിലെത്തും. സ്ത്രീ മോശമാണെങ്കില്‍ ആ കുടുംബം നശിക്കും”- എന്ന മനുസ്മൃതിയിലെ വാക്കുകളാണ് ജസ്റ്റിസ് സുഭാഷ് ചന്ദ് ഉദ്ധരിച്ചത്.

സ്ത്രീയെക്കാൾ ശ്രേഷ്ഠമായ രത്നം ബ്രഹ്മാവ് ഒരു ലോകത്തിലും സൃഷ്ടിച്ചിട്ടില്ലെന്നും ജഡ്ജി ബൃഹത് സംഹിത ഉദ്ധരിച്ച് പറഞ്ഞു. സ്ത്രീയുടെ സംസാരം, നോട്ടം, സ്പർശനം, ചിന്ത, എന്നിവയെല്ലാം സന്തോഷം നൽകുന്നു. അത്തരമൊരു രത്നത്തിൽ നിന്ന് പുത്രന്മാരും ആനന്ദവും ലഭിക്കുന്നു. സ്ത്രീയെ ബഹുമാനിക്കണമെന്നും ബൃഹത് സംഹിത ഉദ്ധരിച്ച് ജഡ്ജി പറഞ്ഞു.

ഇന്ത്യന്‍ സംസ്കാര പ്രകാരം ഭാര്യ തന്റെ ഭർത്താവിന്റെ അമ്മയെയും മുത്തശ്ശിയെയും പരിചരിക്കണം. തക്കതായ കാരണമില്ലെങ്കില്‍ പ്രായമായ മാതാപിതാക്കളില്‍ നിന്ന് വേറിട്ട് ജീവിക്കാൻ നിർബന്ധിക്കരുതെന്നും ജഡ്ജി പറഞ്ഞു.

എന്നാല്‍ ഭർത്താവ് അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതിക്കാരിയായ പിയാലി ചാറ്റർജി കോടതിയില്‍ പറഞ്ഞു. അതേസമയം അമ്മയെയും മുത്തശ്ശിയെയും വീട്ടിൽ നിന്ന് പുറത്താക്കാൻ ഭാര്യ സമ്മർദം ചെലുത്തി എന്നാണ് ഭർത്താവ് രുദ്ര നാരായണ്‍ റായി കോടതിയില്‍ പറഞ്ഞത്. ഈ ആവശ്യം അംഗീകരിക്കുന്നതുവരെ ഭാര്യ തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചെന്നും യുവാവ് പറഞ്ഞു. കുടുംബ കോടതി അനുവദിച്ച ജീവനാംശം ചോദ്യംചെയ്താണ് യുവാവ് ഹൈക്കോടതിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *