തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം 1.17 കൊണ്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയ ഗവര്‍ണറെ കടുത്ത വാക്കുകളില്‍ വിമര്‍ശിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി. ഗവര്‍ണറുമായി ഉടനെ ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട്. വിമര്‍ശനം ഒഴിവാക്കി കരുതലോടെയാണ് മന്ത്രിമാരുടെ പ്രതികരണം.
ഗവര്‍ണര്‍ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന ഭാഗത്തില്‍ ആറ്റിക്കുറുക്കിയ അന്തസത്ത ഭംഗിയായി തന്നെ ഉണ്ടന്നും ഭരണഘടനാപരമായ ചുമതല അദ്ദേഹം നന്നായി നിര്‍വഹിച്ചുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നയപ്രഖ്യാപനം വായിച്ചതിന് തുല്യമാണ് ആദ്യഭാഗവും അവസാനഭാഗവും വായിക്കുന്നത്. അത് അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും ശാന്തമായുള്ള സഭയില്‍ മറ്റൊരു പ്രശ്നങ്ങളും ഇല്ലാതിരുന്ന അവസരത്തില്‍ പ്രസംഗം മുഴുവനായി വായിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നം ഉള്ളവരാണ് സാധാരണഗതിയില്‍ രണ്ടു വരി വായിച്ച് അവസാനിപ്പിക്കുന്നത്. ഗവര്‍ണര്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടോയെന്നു നമുക്ക് അറിയില്ലല്ലോയെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചതായി തോന്നിയില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സാധാരണഗതിയില്‍ സംഭവിക്കുന്ന കാര്യം തന്നെയാണ്. ഗവര്‍ണര്‍മാരുടെ ഇഷ്ടമനുസരിച്ച് ചെയ്യാം. അതില്‍ രാഷ്ട്രീയമൊന്നുമില്ല. ഗവര്‍ണര്‍ക്ക് അത്രയും ചെയ്താല്‍ മതിയെന്ന് തോന്നിയാല്‍ അത് മതി. നയപ്രഖ്യാപനം വായിക്കാതിരുന്നില്ല, ഏറ്റവും പ്രധാനപ്പെട്ട ഭാഗം വായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ എന്താണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാന്‍ ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചുരുക്കാം. അസാധാരണമായി ഒന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നയപ്രഖ്യാപനം വായിക്കേണ്ടതാണ് പൊതുവായ മര്യാദയെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
ഗവര്‍ണറുടെ നടപടി ഗവര്‍ണര്‍ തന്നെ തീരുമാനിക്കേണ്ടതാണ്. 136 ഖണ്ഡികയിലായുള്ള സര്‍ക്കാരിന്റെ നയം അദ്ദേഹം മേശപ്പുറത്ത് വച്ചതോടു കൂടി സഭയ്ക്ക്, കേരളത്തിന് മുമ്പാകെയുള്ള അവതരണമായി. വിവിധ സംസ്ഥാനങ്ങളില്‍ അസുഖമോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ചിലപ്പോള്‍ വായിക്കാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ടാകാം. അങ്ങനെ വല്ല പ്രശ്നമാണോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
സഭയ്ക്കു മുന്‍പാകെ ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് പ്രധാനം. അതില്‍ ഓരോരുത്തരും ഭരണഘടനയുടെ ഭാഗമായി അവരവരുടെ കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ തന്നെ വ്യക്തിപരമായി അതില്‍ പുലര്‍ത്തേണ്ട മാന്യത ബന്ധപ്പെട്ടവര്‍ പുലര്‍ത്തണമെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.