തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ സംഭവിച്ച നാടകീയ രംഗങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ഗവര്‍ണറുടെ അതൃപ്തി. അവസാന പാരഗ്രാഫ് മാത്രം വായിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങാന്‍ പ്രേരിപ്പിച്ചതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചവര്‍ക്ക് കിട്ടിയത് മുഖ്യമന്ത്രിയുമായുള്ള ഗവര്‍ണറുടെ പുതിയ അസംതൃപ്തിയുടെ വിവരങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മലയാളം മീഡിയ ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ട രാജ്ഭവന്റെ ചെലവ് കണക്കുകളാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത്. റിപബ്ലിക്ക് ദിനത്തില്‍ രാജ്ഭവനില്‍ വിരുന്നൊരുക്കാന്‍ 20 ലക്ഷം രൂപ അധികഫണ്ടായി അനുവദിച്ചുവെന്ന് മലയാളം മീഡിയ ലൈവ് രാവിലെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മലയാളത്തിലെ മറ്റ് വാര്‍ത്ത മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു.
ജനുവരി 20,21,23 തീയതികളിലായി 1,25,92,000 രൂപയാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അധിക ഫണ്ടായി ഗവര്‍ണര്‍ക്ക് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ രാജ്ഭവന്‍ ആവശ്യപ്പെട്ട എല്ലാ ഫണ്ടുകളും പിണറായി അനുവദിച്ച് നല്‍കി എന്ന കാര്യം മലയാളം മീഡിയ രേഖകള്‍ സഹിതം പുറത്തുവിടുകയായിരുന്നു.
ഗവര്‍ണറുടെയും പരിവാരങ്ങളുടെയും യാത്രപ്പടിക്ക് മാത്രം ജനുവരി 20 ന് അനുവദിച്ചത് 62.94 ലക്ഷം രൂപയാണ്. റിപബ്ലിക് ദിനത്തില്‍ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ ജനുവരി 21 ന് ഗവര്‍ണര്‍ക്ക് അനുവദിച്ചത് 20 ലക്ഷം രൂപയാണ്. വാട്ടര്‍ ചാര്‍ജ്, ഇലക്ട്രിസിറ്റി, ടെലിഫോണ്‍, മറ്റ് ചെലവുകള്‍ക്കായി ജനുവരി 23 ന് ഗവര്‍ണര്‍ക്ക് അനുവദിച്ചത് 42.98 ലക്ഷം. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് അധിക ഫണ്ട് അനുവദിച്ചത്.
ഇങ്ങനെ രാജ്ഭവനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് എന്ന സംശയത്തിലാണ് രാജ്ഭവന്‍ കേന്ദ്രങ്ങള്‍. ഗവര്‍ണറെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ആരിഫ് മുഹമ്മദ് ഖാനും സംശയിക്കുന്നുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേദിവസം തന്നെ ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന് പ്രത്യേക അജണ്ടയുണ്ടെന്നും ഗവര്‍ണറോട് അടുത്ത വൃത്തങ്ങള്‍ കരുതുന്നു. ഇതോടെയാണ് കേരള നിയമസഭ ചരിത്രത്തിലെ ആദ്യ സംഭവങ്ങള്‍ ഇന്ന് ഉണ്ടായത്. രണ്ട് മിനിട്ടില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച ഗവര്‍ണര്‍ സഭാംഗങ്ങളെ അഭിസംബോധന ചെയ്യാതെയാണ് പോയത്.
ഗവര്‍ണറുടെ നടപടിയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ക്കുണ്ടായ ഞെട്ടലിനേക്കാള്‍ അമ്പരന്നുപോയത് സ്പീക്കര്‍ എ.എന്‍. ഷംസീറാണ്. ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചോള്‍ പിന്നീട് എന്ത് നടപടിയെടുക്കണമെന്ന് സ്പീക്കര്‍ ആശങ്കയോടെ നിന്നത് വ്യക്തമായിരുന്നു.