KeralaNews

കളിയാട്ടമഹോത്സവത്തിനിടെ അപകടം; പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ; എട്ട് പേരുടെ നില ഗുരുതരം

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്ക്. അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഭീമമായി പരിക്കേറ്റ 97 പേര് ചികിത്സയിലാണ്. അപകടത്തിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ജില്ല കളക്ടര്‍ ഇമ്പശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

80 ശതമാനം പൊള്ളലേറ്റ്, ചികിത്സയിൽ കഴിയുന്ന സന്ദീപ് എന്നയാളുടെ നിലയാണ് അതീവ ഗുരുതരം. സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനു പുറമെ , കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും, സഞ്ജീവനി ആശുപത്രിയിൽ 10പേരും, ഐശാല്‍ ആശുപത്രിയിൽ 17 പേരും, കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിൽ കഴിയുന്നത്.

മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നും, 100 മീറ്റർ അകലം പാലിച്ചുകൊണ്ട് വേണം പടക്കങ്ങൾ പൊട്ടിക്കാനെന്നുമാണ് നിയമം. രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം മഹോത്സവത്തിനു വേണ്ടി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഇത് സൂക്ഷിച്ചിരുന്നത്. പടക്കങ്ങൾ സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *