ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞതു മുതൽ കെ.എസ്.ആർ.ടി.സിയിൽ പുതിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് അത് നഷ്ടമാണെന്നും ഡീസൽ ബസുകളിലേക്ക് തിരികെ പോകുമെന്നും മന്ത്രി പറഞ്ഞത്.
കേന്ദ്രത്തിൽ നിന്ന് സൗജന്യമായി 950 ഇ-ബസുകൾ ലഭിക്കാനിരിക്കെയാണ് അതൊഴിവാക്കി ഡിസൽ വാങ്ങാനുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. പലഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. മുൻമന്ത്രി ആന്റണി രാജുവും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ലാഭകരമാണെന്ന കണക്കുകൾ കോർപ്പറേഷന്റെ കൈയിലുണ്ടെന്നും പഴയതൊക്കെ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ പി.എം ഇ-ബസ് സേവാ പദ്ധതി പ്രകാരം 950 ബസുകൾ സൗജന്യമായി ലഭ്യമാക്കാനാകും. എന്നാൽ പുതിയ സാഹചര്യത്തിൽ ഇത് വാങ്ങണോ വേണ്ടയോ എന്നതു സംബന്ധിച്ച് ധനനവകുപ്പ് മന്ത്രിസഭയുടെ അനുമതി തേടാനൊരുങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 150 ഇ-ബസുകൾ വീതവും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് 50 വീതവും അനവദിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ മന്ത്രിസഭയുടെ നിലപാട് അനുകൂലമായാലാണ് ഇത് നേടാനാകുക.
അതേസമയം, നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകളെ കുറിച്ചുള്ള റിപ്പോർട്ട് ഇന്ന് ജനുവരി 23ന് കെ.എസ്.ആർ.ടി.സി ഗതാഗതമന്ത്രിക്ക് കൈമാറും. കെ.എസ്.ആർ.ടി.സിയുടെ കണക്കുപ്രകാരം ഒരു സിറ്റി സർക്കുലർ ഇലക്ട്രിക് ബസിൽ നിന്നുള്ള പ്രതാമാസ ലാഭം 25,000 രൂപയാണ്. ഡീസൽ ബസ് ഓടിക്കാൻ കിലോമീറ്ററിന് 25 രൂപയാണെങ്കിൽ ഇ-ബസിന് നാലു രൂപ മാത്രമാണ്.
ഇ-ബസുകൾക്ക് കിലോമീറ്ററിന് ശരാശരി 8.21 രൂപ ലാഭമുണ്ടെന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ 2.88 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാകും കെ.എസ്.ആർ.ടി.സിയുടെ റിപ്പോർട്ട്. ഇതോടെ ഗണേഷ്‌കുമാറിന് തന്റെ പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോരേണ്ടി വരുമെന്നും റദ്ദാക്കിയ ടെണ്ടർ നടപടികൾ പുന:സ്ഥാപിക്കേണ്ടി വരുമെന്നുമാണ് കണക്കാക്കുന്നത്.