തമിഴ്നാട്ടിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്ത എല്‍ഇഡി സ്ക്രീനുകൾ പൊലീസ് പിടിച്ചെടുത്തു; തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ പിടിച്ചെടുത്ത തമിഴ്നാട് പൊലീസിന്റെ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി.

പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്ക്രീനുകൾ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തമിഴ്നാട് പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാവിധ പൂജകളും അർച്ചനയും അന്നദാനവും ഭജനകൾ നടത്തുന്നതും തമിഴ്നാട് സർക്കാർ നിരോധിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹർജി.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷേത്രങ്ങളിലെ തൽസമയ സംപ്രേഷണം നിരോധിച്ചിരിക്കുകയാണെന്നും ഹർജിയിലുണ്ട്. അഭിഭാഷകനായ ജി.ബാലാജി വഴിയാണ് ബിജെപി ഹർജി ഫയൽ ചെയ്തത്. കോടതിയുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരാജയത്തിനും കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സുപ്രീം കോടതി അടിയന്തരമായി ഹർജി പരിഗണിക്കുകയായിരുന്നു.

അതേസമയം, ഹർജിയിൽ ആരോപിക്കുന്നതുപോലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഇല്ലെന്ന് തമിഴ്നാട് സർക്കാർ വാദിച്ചു. ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ ആരോപിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിനോ പൂജകൾക്കോ അർച്ചനകൾക്കോ അന്നദാനത്തിനോ ഭജനയ്ക്കോ യാതൊരുവിധ നിയന്ത്രണവും വിലക്കും തമിഴ്നാട്ടിൽ ഇല്ലെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments