കാസർഗോഡ് : അയോദ്ധ്യയിലെ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് കേരളത്തിൽ അവധി നൽകിയ സംഭവത്തിൽ അന്വേഷണവുമായി സർക്കാർ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശമില്ലാതെ അവധി നൽകിയതിനാലാണ് അന്വേഷണത്തിന് ഉത്തരവ് . അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തരവിറക്കി കഴിഞ്ഞു. കാസർഗോഡ് കുട്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിനാണ് അവധി നൽകിയത്.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജൻ മോദിക്കെതിരെ പരാമർശം നടത്തിയത് വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെയാണ് ഈ ഉത്തരവ് കൂടെ പുറത്ത് വന്നത്. ഒരു മതകേന്ദ്രത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയായി ആഘോഷിക്കുകയായിരുന്നുവെന്നാണ് അയോദ്ധ്യ രാമപ്രതിഷ്‌ഠാ ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് .
നിലവിൽ മതവും ഭരണസംവിധാനവും തമ്മിലുള്ള അതിർവരമ്പുകൾ ഓരോ ദിവസവും കുറഞ്ഞുവരികയാണ്. ഒരു മതപരമായ ചടങ്ങ് രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപെടുന്ന ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. ആ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ എന്ന നിലയിൽ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.