
പി.എഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശിക 8 ശതമാനം അഞ്ചാം വർഷവും ലോക്ക് ഇൻ പിരീഡിൽ; അടുത്ത സർക്കാരിൻ്റെ തലയിലേക്ക് ഇട്ട് കെ.എൻ. ബാലഗോപാൽ പടിയിറങ്ങും
പി.എഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശികയിൽ 8 ശതമാനം ഇപ്പോഴും ലോക്ക് ഇൻ പിരീഡിൽ. പി.എഫിൽ ലയിപ്പിച്ച 2020 ജനുവരിയിലെ 4 ശതമാനം ക്ഷാമബത്തയും 2020 ജൂലൈയിലെ 4 ശതമാനം ക്ഷാമബത്തയും ആണ് അഞ്ചാം വർഷവും ലോക്ക് ഇൻ പിരീഡിൽ തുടരുന്നത്.
2025- 26 സാമ്പത്തിക വർഷവും ഇവ ലോക്ക് ഇൻ പിരീഡിൽ തുടരും. ബജറ്റ് പ്രസംഗത്തിൽ ബാലഗോപാൽ ഇതിനെ കുറിച്ച് മൗനം പാലിച്ചിരുന്നു. 2026 ലെ അടുത്ത സർക്കാരിൻ്റെ തലയിലേക്ക് ഇത് കൈമാറി ബാലഗോപാൽ കസേര ഒഴിയും. ഐസക്കിൻ്റെ കാലത്ത് ലോക്ക് ഇൻ പീരിഡ് ചെയ്ത ക്ഷാമബത്ത കുടിശിക പോലും നൽകാതെയാവും ബാലഗോപാൽ കസേര ഒഴിയുക.
ബാലഗോപാൽ 2021 ധനമന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാറില്ല. അതുകൊണ്ട് കുടിശിക പി.എഫിൽ ലയിപ്പിക്കുന്നും ഇല്ല. 2021 ലെ ക്ഷാമബത്തയാണ് ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം ഇതുവരെ നൽകിയത്. 2021 ജനുവരിയിലെ 2 ശതമാനവും 2021 ജൂലൈയിലെ 3 ശതമാനവും 2024 ൽ ആണ് ബാലഗോപാൽ അനുവദിച്ചത്. ഇതിൻ്റെ 78 മാസത്തെ കുടിശിക പി.എഫിൽ ലയിപ്പിക്കേണ്ടതായിരുന്നു. അത് ബാലഗോപാൽ ചെയ്തില്ല. ഫലത്തിൽ ആ കുടിശിക ആവിയായി. ക്ഷാമബത്ത പ്രഖ്യാപനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അർഹതപ്പെട്ട കുടിശിക പി.എഫിൽ ലയിപ്പിക്കാതെ ഉത്തരവിറങ്ങുന്നത്. ആ റെക്കോർഡും ബാലഗോപാലിന് സ്വന്തം. ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷങ്ങളാണ് ഇതുമൂലം നഷ്ടപ്പെട്ടത്.
2022 ജനുവരിയിലെ 3 ശതമാനം ക്ഷാമബത്ത ഫെബ്രുവരി 7 ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മാസം ക്ഷാമബത്ത നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ അത് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നു. എങ്കിൽ മെയ് മാസം വാങ്ങുന്ന ശമ്പളത്തിലേ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷാമബത്ത ലഭിക്കൂ. ഉത്തരവ് ഇറങ്ങുമ്പോഴേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. ഇപ്പോൾ അനുവദിക്കുന്ന 3 ശതമാനം ക്ഷാമബത്തക്ക് കുടിശിക അനുവദിച്ചില്ലെങ്കിൽ കനത്ത നഷ്ടമാകും ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടാകുക.