ദില്ലി: ദില്ലിയിലെ പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്ര മോദി ഗ്യാലറി തുറന്ന് കേന്ദ്ര സർക്കാർ. മോദി ഉപയോഗിച്ച വസ്ത്രങ്ങൾ ഉൾപ്പടെ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിൽ ആദ്യ സന്ദർശകയായി എത്തിയത് രാഷ്ട്രപതി ദ്രൗപദി മുർമു ആണ്. തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രതിച്ഛായ കൂട്ടാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം മുതൽ വിദേശ സന്ദർശനങ്ങളുടെ വിശദാംശങ്ങൾ വരെ ഉൾപ്പെടുത്തിയാണ് മോദി ഗ്യാലറി തുറന്നത്. 8 വിഭാഗങ്ങളിലായി മോദിയുടെ ജീവിതവും ഭരണനേട്ടങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഗെയിമുകൾ വഴിയും വെർച്വൽ റിയാലിറ്റിയിലൂടെയും മോദിയുടെ വിവിധ പദ്ധതികളെക്കുറിച്ചറിയാം.
പ്രതിരോധ രംഗത്തെ നീക്കങ്ങളും സൈനിക നടപടികളും തിയേറ്ററിലിരുന്ന് കാണാം. മൻകീ ബാത്തും പരീക്ഷാ പേ ചർച്ചയും ഗാലറിയിലിരുന്ന് കേൾക്കാം. തെജസ് വിമാനത്തിൽ മോദി യാത്ര ചെയ്തപ്പോൾ ധരിച്ച സ്യൂട്ടും വാച്ചും വരെ പ്രദർശിപ്പിച്ചാണ് ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഗ്യാലറി തുറന്നത്