മുംബൈ: യാത്രക്കാർ റൺവേയ്ക്കു സമീപം ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡിഗോയ്ക്ക് 1.2 കോടി രൂപ പിഴ ചുമത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). തിങ്കളാഴ്ച ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ റൺവേയ്ക്കു സമീപമിരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ മുംബൈ വിമാനത്താവള അധികൃതർ, ഇൻഡിഗോ എന്നിവർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് ഇൻഡിഗോയ്ക്ക് വൻ തുക പിഴ ചുമത്തിയത്.
Passengers of IndiGo Goa-Delhi who after 12 hours delayed flight got diverted to Mumbai having dinner just next to the indigo plane..@IndiGo6E is the new @flyspicejet #Shame @JM_Scindia @PMOIndia pic.twitter.com/1DTQnDHAMA
— सुधीर गर्ग 🙋 (@thesudhirgarg) January 15, 2024
30 ദിവസത്തിനകം പിഴയൊടുക്കണമെന്നാണ് ഇൻഡിഗോയ്ക്കുള്ള നിർദ്ദേശം. സമീപകാലത്ത് ഇന്ത്യയിൽ ഒരു വിമാനക്കമ്പനിക്കെതിരെ ചുമത്തുന്ന വലിയ പിഴയാണ് ഇൻഡിഗോയ്ക്കെതിരെയുള്ളത്. ഇതേ വിഷയത്തിൽ ഇന്ത്യയിലെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുംബൈ വിമാനത്താവള അധികൃതർക്ക് 30 ലക്ഷം രൂപയും പിഴയിട്ടിരുന്നു.
തിങ്കളാഴ്ച ഇൻഡിഗോയുടെ ഗോവ-ഡൽഹി വിമാനം, ഡൽഹിയിലെ മൂടൽമഞ്ഞ് കാരണം മുംബൈയിൽ ഇറക്കിയപ്പോൾ യാത്രക്കാർക്കു വിശ്രമമുറികളും ഭക്ഷണവും ക്രമീകരിച്ചിരുന്നില്ല. യാത്ര 18 മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ വിമാനത്തിനു സമീപത്തു നിന്നു മാറാതെ പ്രതിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഉദ്യോഗസ്ഥരോട് സംഭവത്തെക്കുറിച്ച് തിരക്കുകയും ചെയ്തു.
യാത്രക്കാർ റൺവേയ്ക്കു സമീപം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ സംഭവത്തിൽ മാപ്പു പറഞ്ഞ് ഇൻഡിഗോ രംഗത്തെത്തിയിരുന്നു.
‘‘2024 ജനുവരി 14ന് ഗോവയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം 6ഇ2195 യുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് അറിഞ്ഞു. ഡൽഹിയിലെ മൂടൽമഞ്ഞിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഞങ്ങളുടെ ഉപയോക്താക്കളോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്’’– അന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.