തിരുവനന്തപുരം: സ്വന്തം കാര്യം വരുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ. സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാണെന്ന് ആരോഗ്യ മന്ത്രി പറയാറുണ്ടെങ്കിലും അതൊന്നും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വിശ്വസിച്ച ലക്ഷണമില്ല.
ഇപ്പോഴിതാ, മന്ത്രിമാരുടെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് വീണ്ടും പണം അനുവദിച്ചിരിക്കുകയാണ്. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടിയ്ക്കും എം.ബി രാജേഷിനുമാണ് സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് ചെലവായ തുക ലഭിച്ചത്.
വൈദ്യുതി മന്ത്രിക്ക് 27,617 രൂപയും എം.ബി രാജേഷിന് 12,175 രൂപയുമാണ് സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് ചെലവായത്. കൊച്ചി ലിസി ഹോസ്പിറ്റലിലായിരുന്നു എം.ബി രാജേഷ് ചികില്‍സ തേടിയത്. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലായിരുന്നു കെ. കൃഷ്ണന്‍ കുട്ടി ചികില്‍സ തേടിയത്.
ഈ മാസം 12 നാണ് ഇരുവര്‍ക്കും തുക അനുവദിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയത്. അന്ന് തന്നെ പണം അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവും ഇറക്കി. ചികില്‍സക്ക് ചെലവായ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.ബി രാജേഷും കെ. കൃഷ്ണന്‍ കുട്ടിയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
കഴിഞ്ഞ നവംബറിലും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടേയും ഭാര്യയുടേയും സ്വകാര്യ ആശുപത്രിയിലെ ചികില്‍സക്ക് 15 ലക്ഷം അനുവദിച്ചിരുന്നു. പാലക്കാട് ലക്ഷ്മി ആശുപത്രി, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, കോയമ്പത്തൂര്‍ കോവയ് മെഡിക്കല്‍ സെന്റര്‍, ചെന്നെ അപ്പോളോ ആശുപത്രി, ചിറ്റൂര്‍ ഡെന്റല്‍ കെയര്‍ ഓര്‍ത്തോഡെന്റിക് ആന്റ് ഇംപ്ലാന്റ് സെന്റര്‍ എന്നിവിടങ്ങളിലാണ് മന്ത്രി അന്നും കൃഷ്ണന്‍ കുട്ടി ചികില്‍സ തേടിയത്.
ചെന്നൈ അപ്പോളോ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ മന്ത്രി കൃഷ്ണന്‍ കുട്ടി ചികില്‍സ തേടിയത് 2022 ആഗസ്ത് 29 മുതല്‍ സെപ്റ്റംബര്‍ 2 വരെയായിരുന്നു. 8,44,274 രൂപ യാണ് അപ്പോളയിലെ ചികില്‍സക്ക് കൃഷ്ണന്‍ കുട്ടിക്ക് അനുവദിച്ചത്.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പാലക്കാട് ലക്ഷ്മി ആശുപത്രിയിലും ആണ് മന്ത്രി പത്‌നി ചികില്‍സ തേടിയത്. ആരോഗ്യ കേരളം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ചികില്‍സ തേടുന്നത് സ്വകാര്യ ആശുപത്രിയിലാണ്.
എം.ബി. രാജേഷ് സ്ഥിരമായി എറണാകുളം ലിസി ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ഇതിന് മുമ്പ് നാല് ദിവസത്തെ ചികിത്സക്ക് ചെലവായത് 2,45,833 രൂപയായിരുന്നു.