ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസവും മണിപ്പൂരിൽ. യാത്ര രാവിലെ 8 മണിക്ക് ഇംഫാൽ വെസ്റ്റിലെ സെക്മായിൽ നിന്നാണ് പര്യടനം തുടരുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. കാങ് പോക്പിയിലും സേനാപതിയിലും രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും. വൈകിട്ട് മാവോ ഗോറ്റിൽ യാത്ര പര്യടനം പൂർത്തിയാക്കും.
യാത്രയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി ചെലവഴിക്കുക. നാളെ യാത്ര നാഗാലാൻഡിൽ പര്യടനം ആരംഭിക്കും. ലോക്സഭ തിരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ചവിട്ടു പടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര. രാഹുൽ ഗാന്ധിയുടെ യാത്രയിലൂടെ ഉത്തരേന്ത്യയിൽ ചലനം ഉണ്ടാക്കാം എന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന് എതിരായ പ്രചാരണം നടത്തുക. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തുക. പ്രവർത്തകരിൽ ആവേശം ഉണ്ടാക്കുക. അതിലൂടെ പാർട്ടിയുടെ അടിത്തട്ടിൽ ചലനം ഉണ്ടാക്കുക. അങ്ങനെ സ്വന്തം നിലയ്ക്ക് കരുത്താർജിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.