KeralaNews

കാറുകളില്‍ Government Of Kerala ബോർഡ് നീക്കാനുള്ള തീരുമാനത്തിൽ സെക്രട്ടേറിയേറ്റ് ജീവനക്കാർ കടുത്ത അമർഷത്തിൽ

ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും വാഹനം ഒതുക്കാതെ പാഞ്ഞത് നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി!!

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ‘Government Of Kerala’ സർക്കാർ ബോർഡുകൾ പാടില്ലെന്ന തീരുമാനത്തിൽ അതൃപ്തിയുമായി സെക്രട്ടേറിയേറ്റ് ജീവനക്കാർ.

സർക്കാർ തീരുമാനത്തിൽ രാഷ്ട്രിയഭേദമെന്യേ ജീവനക്കാർ കടുത്ത അമർഷത്തിലാണ്. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്ക് സ്വകാര്യ വാഹനങ്ങളിൽ ബോർഡ് സ്ഥാപിക്കാമെന്ന വിജ്ഞാപനമാണ് സർക്കാർ ഭേദഗതി ചെയ്യുന്നത്.

ഡെപ്യൂട്ടി സെക്രട്ടറി ടു ഗവൺമെൻ്റ് എന്ന് ബോർഡിൽ സ്ഥാപിക്കുന്നതിന് പകരം പലരും ഡെപ്യൂട്ടി സെക്രട്ടറി , ഗവൺമെൻ്റ് ഓഫ് കേരള എന്ന ബോർഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു.

ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും സ്വകാര്യ വാഹനത്തിൽ ബോർഡ് വച്ച് സെക്രട്ടേറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാഹനം ഒതുക്കാതെ റോഡിലൂടെ ചീറി പാഞ്ഞ് പോകുന്നത് ചീഫ് സെക്രട്ടറി ഡോ. വേണുവിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ദുരൂപയോഗം നേരിട്ട് മനസിലാക്കിയ ചീഫ് സെക്രട്ടറി നടപടിയെടുക്കാൻ അമാന്തിച്ചില്ല.

അതിനെ തുടർന്നാണ് നിർണായക തീരുമാനം ഉണ്ടായത്. ചീഫ് സെക്രട്ടറി ഹോണടിച്ചിട്ടും ഒതുക്കാതെ പാഞ്ഞ ഡെപ്യൂട്ടി സെക്രട്ടറി നിയമവകുപ്പിലെ ഉദ്യോഗസ്ഥനാണ് എന്ന സൂചനകളാണ് പുറത്ത് വരുന്നത്. സിപിഎമ്മിൻ്റെ സംഘടന നേതാവ് ഈ ഡെപ്യൂട്ടി സെക്രട്ടറിയുടെ വാഹനത്തിലാണ് നിരന്തരം സഞ്ചരിക്കുന്നത്.

ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് കളക്ടർക്ക് തുല്യമാണ്. ആ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടി സർക്കാർ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്ക് സ്വകാര്യ വാഹനത്തിൽ ബോർഡ് വയ്ക്കാൻ അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *