കോഴിക്കോട്: കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി 2018 എന്ന സിനിമ സംവിധാനം ചെയ്തയാളാണ് ജൂഡ് ആന്തണി. ആ സിനിമയില്‍ പ്രളയകാല രക്ഷാപ്രവർത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കാര്യമായി പറഞ്ഞില്ലെന്ന വിമർശനം അദ്ദേഹം നേരിടുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ചോദ്യം ഉയർന്ന കേരള ലിറ്ററേച്ചല്‍ വേദിയില്‍ സംവിധായകന്‍ ജൂഡ് ആന്തണിയും കാണികളും തമ്മില്‍ തര്‍ക്കമുണ്ടായിരിക്കുകയാണ് ഇപ്പോള്‍.
2018 സിനിമയില്‍ പ്രളയത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പങ്കിനെ അവഗണിച്ചതിനെ കുറിച്ചായിരുന്നു തര്‍ക്കവും തുടര്‍ന്നു കൂവലുമുണ്ടായത്.
ഈ സെഷനാകെ താന്‍ ഇതിനുള്ള ഉത്തരം നല്‍കിയതാണെന്നും ചോദ്യം ചോദിച്ചയാള്‍ക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നുമാണു ജൂഡ് പറഞ്ഞത്. നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട. അത് കയ്യില്‍ വെച്ചാല്‍ മതി. ഇത്രയും നേരം സംസാരിച്ചതു മനസിലാകാഞ്ഞിട്ടല്ല.
മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ചത്. അതിനെ പറ്റി ഞാന്‍ സംസാരിച്ചതു മനസിലാകാത്തത് പോലെ നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്ത ആളാണ് ഞാന്‍. നിങ്ങളുടെ രാഷ്ട്രീയം എനിക്കു മനസിലായി. അതുകൊണ്ട് ഉത്തരം പറയാന്‍ സൗകര്യം ഇല്ലെന്നും ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.
ചോദ്യം ചോദിക്കുമ്പോള്‍ പാര്‍ട്ടി മെമ്പറാണോ അല്ലയോ എന്നു പരിശോധിക്കലല്ല, ഉത്തരം പറയുകയോ പറയാതിരിക്കുകയോ ആണു ചെയ്യേണ്ടതെന്നും ചോദ്യത്തിനു പകരം ചോദ്യമല്ല ഉത്തരമാണു വേണ്ടതെന്നും കാണികള്‍ക്കിടയില്‍ നിന്നും ജൂഡിനെതിരെ വിമര്‍ശനമുയര്‍ന്നു.
ഇതോടെ ജൂഡിനെ പിന്തുണച്ച് വേദിയിലിരുന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫും രംഗത്തെത്തി. ഒരു മണിക്കൂറോളം എല്ലാം വിശദീകരിച്ചു ജൂഡ് സംസാരിച്ചിട്ടും മുഖ്യമന്ത്രിയുടെ പങ്കിനെ പറ്റിയാണു ചോദ്യമുയരുന്നതെന്നും, സിനിമയെ വിമര്‍ശിക്കാം, അധിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നും ജോസി പറഞ്ഞു.
2018ല്‍ മുഖ്യമന്ത്രിയെ മോശമായി കാണിച്ചിട്ടില്ലെന്നും നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികള്‍ കൂവലാരംഭിച്ചു.
ജൂഡിന് സിനിമ എടുക്കാനുള്ള ക്രിയേറ്റീവ് ഫ്രീഡമുണ്ട്. അതിനെ ബഹുമാനിക്കാതെ കൂവുന്നതുകൊണ്ട് ഒരു മെച്ചുമില്ല. 2018 മലയാളത്തില്‍ പുതിയ വഴി തുറന്ന സിനിമയാണെന്നും ജോസി കൂട്ടിച്ചേര്‍ത്തു.