
ഐ.പി. എൽ 2025 ന് ഇന്ന് തുടക്കം. ആദ്യ മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഈഡൻ ഗാർഡനിൽ വൈകുന്നേരം 7.30 നാണ് മൽസരം.
ഇരുവരും പരസ്പരം ഏറ്റുമുട്ടിയത് 35 തവണ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 21 മൽസരങ്ങളിൽ ജയിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സിന് ജയിക്കാനായത് 14 മൽസരങ്ങളിൽ മാത്രം. മുൻതൂക്കം നിലവിലെ ചാമ്പ്യനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എന്ന് വ്യക്തം. എന്നിരുന്നാലും വീരാട് കോലി അടക്കമുള്ള തലയെടുപ്പുള്ള താരങ്ങൾ റോയൽ ചലഞ്ചേഴ്സ് നിരയിലുണ്ട്. കോലി ഫോമായാൽ ഫലം മാറും. നിലയുറപ്പിക്കും മുൻപ് കോലിയെ പുറത്താക്കാനാകും കൊൽക്കത്തയുടെ ശ്രമം.
കോലിയെ പൂട്ടാനുള്ള ചുമതല സുനിൽ നരൈൻ ഏറ്റെടുക്കും. 4 തവണ കോലിയെ പുറത്താക്കിയ ചരിത്രം നരൈന് ഉണ്ട്. ബാറ്റിംഗിലും ബോളിംഗിലും ഒരേ പോലെ ഫോമിലാണ് നരൈൻ. കഴിഞ്ഞ സീസണിൽ 488 റൺസും 17 വിക്കറ്റും നരൈൻ നേടി.
മഴ വില്ലൻ ആകുമെന്ന റിപ്പോർട്ടും ഉണ്ട്. പെട്ടെന്നുണ്ടായ ന്യൂനമർദ്ദമാണ് കാരണം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കളി മുടക്കിയാൽ ഇരു ടീമിനും ഓരോ പോയിൻ്റ് ലഭിക്കും. ഹോം മൽസരത്തിൽ ജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന കൊൽക്കത്തക്ക് ഇത് തിരിച്ചടിയാകും.