
മഴക്കാലം വരുന്നൂ! കേരളത്തിൽ മൺസൂൺ രണ്ടു ദിവസത്തിനകം
അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെടുന്നു; സംസ്ഥാനത്ത് അതിശക്തമായ മഴ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിൽ തെക്കൻ കൊങ്കൺ-ഗോവ തീരത്തിനു സമീപം രൂപംകൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുന്നതും മൺസൂൺ വരവിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. ഈ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി 2025 മെയ് 23-ന് വൈകുന്നേരത്തോടെ തീവ്രന്യൂനമർദ്ദമായി (ഡിപ്രഷൻ) മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇതിന്റെ ഫലമായി അടുത്ത ആറ്-ഏഴ് ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ (ഗുജറാത്ത്, കൊങ്കൺ-ഗോവ, കർണാടക) ശക്തമായതും അതിശക്തമായതുമായ മഴ തുടരാൻ സാധ്യതയുണ്ട്. കൊങ്കൺ-ഗോവ തീരത്ത് മെയ് 22 മുതൽ 24 വരെയും കർണാടക തീരപ്രദേശത്ത് മെയ് 24-നും അതിതീവ്രമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൺസൂൺ മുന്നേറ്റം
കേരളത്തിലെ മൺസൂൺ പ്രവേശനത്തിന് സാഹചര്യം അനുകൂലമാകുന്നതിനൊപ്പം, തെക്ക്-പടിഞ്ഞാറൻ കാലവർഷം തെക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, മാലിദ്വീപ്, കന്യാകുമാരി പ്രദേശത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്. കൂടാതെ, തെക്ക്-മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇതേ കാലയളവിൽ മൺസൂൺ എത്തിയേക്കും. നിലവിൽ കാലവർഷത്തിന്റെ വടക്കേ അതിർത്തി (നോർത്തേൺ ലിമിറ്റ് ഓഫ് മൺസൂൺ) 7°N/75°E (കേരള തീരത്തിനടുത്ത്), 10°N/81°E എന്നിങ്ങനെയുള്ള മേഖലകളിലൂടെ കടന്നുപോകുന്നു.
അതേസമയം, രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനിൽ മെയ് 22 മുതൽ 26 വരെ തീവ്രമായ ഉഷ്ണതരംഗത്തിനും, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ മെയ് 22, 23 തീയതികളിൽ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്.