മോദിക്കെതിരായ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ

ഡൽഹി: മോദിക്കെതിരായ മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ.വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനമെങ്കിലും നേരത്തെ നിശ്ചയിച്ചതാണ് സന്ദർശനം

പ്രസിഡൻ്റ് ഷി ജിൻ പിങിൻ്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്സുവിന്റെ ചൈന പര്യടനം. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് ചൈന അറിയിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലിദ്വീപ് ഭരണകൂടം പുറത്താക്കി. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലിദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരുകയായിരുന്നു മാലിദ്വീപ്.

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലിദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി.

സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലിദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുൾപ്പെടെ പരാമർശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകൾക്കായി ലക്ഷദ്വീപുൾപ്പടെയുള്ള ഇന്ത്യൻ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments