സിഡ്‌നി: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി (3-0) ആസ്‌ത്രേലിയ. സിഡ്‌നി ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ 130 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന ഡേവിഡ് വാർണർ 57 റൺസ് നേടി പുറത്തായി. മാർനസ് ലബുഷെയിൻ 62 റൺസുമായും സ്റ്റീവൻ സ്മിത്ത് 4 റൺസുമായും പുറത്താകാതെ നിന്നു. ആദ്യ രണ്ട് ടെസ്റ്റ് പരാജയപ്പെട്ട പാകിസ്താന് സിഡ്‌നി ടെസ്റ്റിലും നിലംതൊടാനായില്ല. ഇതോടെ ഓസീസ് മണ്ണിൽ സമ്പൂർണ്ണ പരാജയമെന്ന നാണക്കേടും ഏഷ്യൻ ടീമിനെ തേടിയെത്തി. വിജയത്തോടെ ഇന്ത്യയെ മറികടന്ന് ഓസീസ് ടെസ്റ്റ് റാങ്കിങിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു.
ആദ്യ ഇന്നിങ്‌സിൽ മുഹമ്മദ് റിസ്വാന്റെയും അമീർ ജമാലിന്റേയും സൽമാൻ ആഗയുടേയും അർദ്ധ സെഞ്ചുറി മികവിൽ പാകിസ്താൻ 313 എന്ന ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തി. ലബുഷെയ്‌നിന്റേയും മിച്ചൽ മാർഷിന്റെയും മികവിൽ 299 റൺസാണ് ആദ്യ ഇന്നിങ്‌സിൽ കങ്കാരുക്കൾ നേടിയത്. നേരിയ ലീഡിൽ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ സന്ദർശകർക്ക് തൊട്ടതെല്ലാം പിഴച്ചു. 115 റൺസിന് പുറത്തായി.
ജോസ് ഹേസൽവുഡ് നാല് വികറ്റും നഥാൻലിയോൺ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഇതോടെ ഓസീസ് ലക്ഷ്യം അനായാസമായി. എട്ട് വിക്കറ്റ് ശേഷിക്കെ വിജയം കുറിച്ചു. ആദ്യ ഇന്നിങ്‌സിൽ ആറുവിക്കറ്റും 82 റൺസും നേടിയ പാക് താരം അമിർ ജമാലാണ് കളിയിലെ താരം. ടൂർണമെന്റിലുടനീളം മിന്നും ഫോമിൽ കളിച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരമ്പരയിലെ താരമായി.