‘പലർക്കും ഡ്രൈവിം​ഗ് അറിയാം പാർക്ക് ചെയ്യാൻ അറിയില്ല’; ഇനിയത് നടക്കില്ലെന്ന് കെബി ​ഗണേഷ് കുമാർ

സംസ്ഥാനത്ത് ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കാൻ ഒരുങ്ങി ​ഗതാ​ഗത വകുപ്പ്. പലർക്കും ഡ്രൈവിം​ഗ് അറിയാം പാർക്ക് ചെയ്യാൻ അറിയില്ല. ഇങ്ങനെ പറഞ്ഞു തുടങ്ങിയ ​ഗണേഷ് കുമാർ ഈ ആഴ്ച മുതൽ ഡ്രൈവിം​ഗ് ടെസ്റ്റിന്റെ രീതികളെ പൊളിച്ചെഴുതുകയാണ് എന്ന് പറയുന്നു. ഇപ്പോൾ ലൈസൻസുള്ള പല ആളുകൾക്കും ഡ്രൈവിങ്ങ് അറിയാമെങ്കിലും വാഹനം പാർക്ക് ചെയ്യാൻ അറിയാത്ത സാഹചര്യമുണ്ട്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന 500 ലൈസൻസ് കൊടുത്ത് ഗിന്നസ് ബുക്കിൽ കയറണമെന്ന് മോട്ടോർ വാഹന വകുപ്പിന് യാതൊരു ആഗ്രഹവുമില്ല. അതുകൊണ്ടുതന്നെ കർശനമായ ടെസ്റ്റുകൾക്ക് ശേഷവുമായിരിക്കും ലൈസൻസ് അനുവദിക്കുന്നത്. വാഹനാപകടമുണ്ടായി ആളുകൾ മരിച്ചു, ഡ്രൈവറിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു തുടങ്ങിയ വാർത്തകൾ എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സസ്‌പെൻഡ് ചെയ്താൽ അവർ വേറെ എവിടെയെങ്കിലും പോയി ലൈസൻസ് ഒപ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡ്രൈവിങ്ങ് ലൈസൻസ് എന്ന് പറഞ്ഞാൽ വാഹനമോടിക്കാൻ അറിയുന്നവരായിരിക്കണം.

വെറുതെ എച്ച് എടുത്ത് കാണിച്ചത് കൊണ്ടുമാത്രം ലൈസൻസ് നൽകില്ല. വണ്ടി തിരിച്ച് ഇടണം, റിവേഴ്‌സ് കയറ്റി പാർക്ക് ചെയ്യണം, കൃത്യമായി വാഹനം പാർക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ടെസ്റ്റിൽ ഉൾപ്പെടുത്തണം. ഇതിനൊപ്പം ടെസ്റ്റിനെത്തുന്ന വാഹനങ്ങൾക്കുള്ള ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള നിർദേശവും നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. സാധാരണ നിലയിൽ ടെസ്റ്റ് നടത്തുന്നത് ഡ്രൈവിങ്ങ് സ്‌കൂളുകളുടെ വാഹനങ്ങളിലാണ്. ടെസ്റ്റ് നടത്തുന്ന സമയത്ത് സ്ത്രീകളോട് ഉൾപ്പെടെ ഉദ്യോഗസ്ഥർ കയർത്ത് സംസാരിക്കുന്നെന്ന് പരാതികളുണ്ട്. സ്ത്രീകളോടും പുരുഷൻമാരോടും ഉദ്യോഗസ്ഥർ ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് ക്യാമറകൾ നൽകുന്നത്.

ലൈസൻസ് എടുക്കാനെത്തുന്ന ആളുകളോട് കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നതിനും മറ്റും തടസ്സങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലൈസൻസ് വളരെ അന്തസുള്ള ഡ്രൈവിങ്ങ് ലൈസൻസ് ആയിരിക്കും. കുറവ് ലൈസൻസ് നൽകുന്നത് ഒരു ജനകീയ പ്രശ്‌നമല്ല, മറിച്ച് ഇത് ജീവന്റെ പ്രശ്‌നമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വ്യാപകമായി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥർ ഈ സ്ഥാനത്തുണ്ടാവില്ലെന്ന് മന്ത്രി ഗണേഷ് കുമാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇവിടെ നിരവധി ആളുകൾക്ക് ലൈസൻസ് ഉണ്ടെങ്കിലും പലർക്കും ലൈസൻസ് എടുത്തതിന് ശേഷം വാഹനം ഓടിക്കാത്ത ആളുകൾ നിരവധി ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments