ഹെലി ടൂറിസം: ഉദ്ഘാടന ചെലവ് മാത്രം 10 ലക്ഷം

തിരുവനന്തപുരം : കേരളത്തിലെ പ്രധാന ടൂറിസം മേഖലകളിലേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിക്കാനുള്ള പദ്ധതിയായ ഹെലിടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിന് മാത്രം ചെലവായത് 10 ലക്ഷം രൂപ. ഇനി കേരളത്തിൻെറ ടൂറിസം മേഖലയ്ക്ക് തന്നെ ഒരു മുതൽകൂട്ടാവും എന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന സർക്കാർ.

28,61.500 രൂപ ഉദ്ഘാടന ചെലവിന് ആവശ്യപ്പെട്ടിരുന്നെങ്കിലും 10 ലക്ഷം അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കികൊണ്ടാണ് തുക അനുവദിച്ചത്. 2023 ഡിസംബർ 30ാം തിയ്യതി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു.

കേരളം മുഴുവൻ ഹെലികോപ്റ്ററിൽ ചുറ്റാം എന്ന ആശയത്തിൽ, കേരളത്തിന്റെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഹെലി ടൂറിസം പദ്ധതിയാണിത്. നെടുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഹെലി ടൂറിസത്തിന്റെ ആദ്യ യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ടൂറിസം മന്ത്രി പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമിട്ടത്.

ഹെലി ടൂറിസം സംബന്ധിച്ച വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റും മന്ത്രി പുറത്തിറക്കി. വിവിധ ഹെലി ഓപ്പറേറ്റർമാർ നൽകുന്ന പാക്കേജുകൾ, ട്രിപ്പുകളുടെ വിവരങ്ങൾ ബുക്കിംഗ് മുതലായവ ഇതിലുണ്ടാകും.രാജ്യത്താദ്യമായി ഹെലി ടൂറിസം നയം സംസ്ഥാന സർക്കാർ പുറത്തിറക്കുമെന്നും മന്ത്രികൂട്ടിച്ചേർത്തു.

”ഹൗസ്‌ബോട്ടുകൾക്കും കാരവാൻ ടൂറിസത്തിനും ശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന പുത്തൻ പദ്ധതിയാണ് ഹെലി ടൂറിസം.വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും കേരളത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനും ഹെലി ടൂറിസത്തിലൂടെ സാധിക്കും.

വിനോദ സഞ്ചാരികളുടെ മാറുന്ന അഭിരുചികൾക്ക് അനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങൾ കൊണ്ട് വരിക എന്നതാണ് വകുപ്പിന്റെ നയം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് ഹെലി ടൂറിസം നടപ്പാക്കുന്നത്. സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് നിലവിലുള്ള ഹെലിപാഡുകൾ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.

സംസ്ഥാനത്തിന്റെ തെക്കും വടക്കുമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള പ്രത്യേക പാക്കേജുകൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. സഞ്ചാരികളുടെ പ്രതികരണവും മറ്റ് സാങ്കേതിക ഘടകങ്ങളും പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പുതിയ ഹെലിപാഡുകൾ ഒരുക്കുന്നതും പരിഗണനയിലാണ്.

വ്യത്യസ്ത മേഖലകളിൽ ഹെലിപാഡുകൾ ഒരുക്കുന്ന രീതിയുടെ മാതൃകയിൽ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്.നിലവിൽ പ്രവർത്തന സജ്ജമായ ഹെലിപാഡുകൾ കോർത്തിണക്കി കൊണ്ടുള്ള സർവീസുകളാണ് ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്.

സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അംഗീകാരം, യാത്രക്കാരുടെ സുരക്ഷിതത്വം, തുടങ്ങിയവയുടെ പൂർണ ഉത്തരവാദിത്തം സർവീസ് നടത്തുന്ന ഏജൻസികൾക്കായിരിക്കും.

സേവന ദാതാക്കൾക്ക് ഉപഭോക്താക്കളിലേക്കെത്തുവാനുള്ള ഫെസിലിറ്റേറ്റർ ആയി ടൂറിസം വകുപ്പ് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി ഇതിനായി ഓപ്പറേറ്റർമാർ ധാരണാപത്രത്തിൽ ഒപ്പു വയ്ക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments