ദ്വാരക (ഗുജറാത്ത്): കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയിൽ റാന്‍ ഗ്രാമത്തിലെ ഏയ്ഞ്ചല്‍ സഖ്രക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടിയുടെ മരണം.
എട്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്നും പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ഖംഭാലിയ ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ എത്തിച്ചതിനു ശേഷമുള്ള പരിശോധനയിൽ കുട്ടിയുടെ മരണം സ്ഥിരീകരിച്ചതായി റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കേതന്‍ ഭാരതിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ചികിത്സിക്കാനായി ശിശുരോഗ വിദഗ്ധയെ ആശുപത്രി നിയോഗിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മരണം ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ സംഭവിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഓക്സിജന്റെ അഭാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു ആര്‍എംഒ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ദ്വാരക ജില്ലയിലെ റാന്‍ ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടി അബദ്ധത്തില്‍ തുറന്ന കുഴല്‍ക്കിണറിലേക്ക് വീഴാണ് അപകടം സംഭവിച്ചത്.
ഇന്ത്യന്‍ ആര്‍മിയും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ രാത്രി 9.48-ഓടെ കുട്ടിയെ പുറത്തെത്തിച്ചിരുന്നു. പുറത്തെത്തിക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ദ്വാരക ജില്ലാ കളക്ടര്‍ അശോക് ശര്‍മ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തിനു നേതൃത്വം നല്‍കി.