കോണ്‍ഗ്രസിനെ നന്നാക്കാൻ വീണ്ടും വിഎം സുധീരൻ, പക്ഷേ വിനയായി ഉമ്മൻചാണ്ടിയുടെ നിഴല്‍; സുധീരൻ്റെ വഞ്ചനാവഴികളെക്കുറിച്ച് ഡോ. ഡി. ബാബുപോൾ പറഞ്ഞത് വീണ്ടും ചർച്ചയാകുമ്പോൾ
-പി.ജെ. റഫീഖ്-
കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മേല്‍ക്കോയ്മ നേടുമ്പോള്‍ ഇടങ്കോലിട്ട് നില്ക്കുക എന്ന ശൈലിയുള്ള നേതാവാണ് വി.എം. സുധീരൻ. വീണ്ടും അതിന്റെ സാധ്യതകളിലേക്ക് സജീവമാകുകയാണ് ഈ മുൻ കെപിസിസി അധ്യക്ഷൻ.
2021 ലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം തകർന്നടിഞ്ഞ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന്റെ പാതയിൽ നിൽക്കുമ്പോഴാണ് പാരവെപ്പുമായി വീണ്ടും സുധീരൻ ഇറങ്ങിയത്.
സുധാകരന്റേയും സതീശന്റേയും നേതൃത്വത്തിൽ ഒറ്റക്കെട്ടായി കോൺഗ്രസും യു.ഡി. എഫും ശക്തമായി പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു തൃക്കാക്കരയിലേയും പുതുപ്പള്ളിയിലേയും ഉപതെരഞ്ഞെടുപ്പിലെ റെക്കോഡ് വിജയം. ഇക്കാലയളവിൽ നടന്ന നാല് തദ്ദേശ ഉപതെരഞ്ഞെടുപുകളിൽ എൽ.ഡി.എഫ് കോട്ടകൾ തിരിച്ചു പിടിച്ച് യു.ഡി.എഫ് മേധാവിത്വം പുലർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ പോലും ഞെട്ടിച്ചിരുന്നു.
തുടർ ഭരണം നേടി ചരിത്രം രചിച്ച പിണറായി അഴിമതിയുടെ ശരശയ്യയിലും . അപ്പോഴാണ് പിണറായിയെ വിമർശിക്കാതെ കെ.പി.സി.സി നേതൃത്വത്തെ വിമർശിച്ച് സുധീരന്റെ രംഗ പ്രവേശം. കെ.പി. സി.സി. നേതൃത്വം പരാജയമാണെന്നും നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കു വേണ്ടിയല്ല അവരവർക്കു വേണ്ടിയാണെന്നുമാണ് സുധീരന്റെ കണ്ടുപിടിത്തം.
ഇന്ന് നടന്ന കെ.പി.സി.സി യോഗത്തിലാണ് സുധീരൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല . കോൺഗ്രസ് രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറി. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയം കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല എന്നൊക്കെ സുധീരൻ പ്രസംഗിച്ചു.
സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധീരൻ വായിച്ചു. പ്രസിഡണ്ടായി ചാർജെടുത്തതിന് ശേഷം കാണാൻ ചെന്നപ്പോൾ സഹകരിക്കില്ലെന്നായിരുന്നു സുധീരന്റെ മറുപടിയെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നതെന്നും സുധീരനെ വിമർശിച്ച് സുധാകരൻ പറഞ്ഞു. തനിക്ക് പ്രസംഗിക്കാനുള്ളത് കഴിഞ്ഞപ്പോൾ കെ.പി.സി സി യോഗത്തിൽ നിന്നും സുധീരൻ ഇറങ്ങി പോയെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
2011 – 16 കോൺഗ്രസ് ഭരണത്തിൽ ചെന്നിത്തല ആഭ്യന്തരമായതിനു ശേഷമാണ് സുധീരൻ ആന്റണി വഴി കെ.പി. സി.സി പ്രസിഡണ്ട് ആകുന്നത്. ഉമ്മൻ ചാണ്ടിയെ ഭരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷ നേതാവിന്റെ റോളിലായി സുധീരന്റെ പ്രസിഡണ്ട് കാലം. 2016 ൽ ഉമ്മൻ ചാണ്ടിക്ക് പറ്റിയതിനെ കുറിച്ച് യശ്ശ: ശരീരനായ ഡോ ഡി ബാബുപോൾ ഒരു ഓൺലൈനിനോട് പ്രതികരിച്ചത് വൈറലായിരുന്നു.
ബാബു പോൾ പറഞ്ഞതിങ്ങനെ
” ഉമ്മൻ ചാണ്ടി മിടുക്കനാണ്. എ.കെ. ആന്റണി ആണ് യു.ഡി.എഫിനെ നശിപ്പിച്ചത്. അങ്ങേര് ആ സുധീരനെ ഇടക്ക് വച്ച് കൊണ്ട് വന്നു. വേറാരും കാലാവധി പൂർത്തിയാക്കുന്നതും തിരിച്ച് വരുന്നതും ആന്റണിക്ക് ഇഷ്ടമല്ല. അതു കൊണ്ട് ഉമ്മൻ ചാണ്ടിയെ ഒതുക്കാനായിട്ട് സുധീരനെ ആന്റണി കെ.പി.സി.സി പ്രസിഡണ്ട് ആക്കി. ലോക്സഭയിൽ കോൺഗ്രസ് തോൽക്കും. അപ്പോൾ നേതൃമാറ്റം ആവശ്യപ്പെടാം എന്നായിരുന്നു ആന്റണിയുടെ ഉദ്ദേശം. എല്ലായിടത്തും കോൺഗ്രസ് തോറ്റു. കേരളത്തിൽ മാത്രം തോറ്റില്ല. അപ്പോൾ മാറ്റാൻ ഒക്കില്ല. കെ.പി.സി.സി പ്രസിഡണ്ടിന് മുഖ്യമന്ത്രിയോട് അഭിപ്രായ വ്യത്യാസം ഉണ്ടാകുകയാ ഏതെങ്കിലും മന്ത്രിമാർ അഴിമതിക്കാർ ആണെന്ന് അഭിപ്രായം ഉണ്ടെങ്കിലാ ഡബിൾ കവറിൽ സീൽ ചെയ്ത അഭിപ്രായം എഴുതി മുഖ്യമന്ത്രിയെ അറിയിക്കണം. സുധീരൻ എന്താണ് ചെയ്തത് ? പരസ്യ വിമർശനം അല്ലായിരുന്നോ . കെ.പി.സി.സി പ്രസിഡണ്ട് പറയുകയാണ് മന്ത്രിമാർ അഴിമതിക്കാരാണെന്ന് . പിന്നെ ആരെങ്കിലും കോൺഗ്രസിന് വോട്ട് ചെയ്യുമോ?
ആന്റണിയും സുധീരനും കൂടിയാണ് കോൺഗ്രസിനെ നശിപ്പിച്ചത് ” . ഹാർട്ട് അറ്റാക്ക് വന്നതിന് ശേഷമാണ് സുധീരൻ കുടി നിർത്തിയതെന്നും ബാബു പോൾ തുറന്നടിച്ചു.