മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെ നടൻ സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. കേസ് ഹൈക്കോടതി ഉടനെ പരിഗണിച്ചേക്കുമെന്നാണ് വിവരം.
നടൻ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മനഃപൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ചുമത്തിയ ഐ.പി.സി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354ഉം 119എ വകുപ്പും ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് നടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ എത്തുക. കേസിൽ സുരേഷ് ഗോപിയെ നേരത്തെ നടക്കാവ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് തളിയിൽ വച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ നടൻ അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തക തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഫേസ്ബുക്കിൽ മാപ്പ് പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.