ഗണേഷ് കുമാറും കടന്നപ്പള്ളിയും ഈ മാസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഈ മാസം തന്നെയുണ്ടായേക്കും. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാറും, തുറമുഖ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രനും ക്രിസ്മസിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.

ഡിസംബർ 24ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സത്യ പ്രതിജ്ഞയുടെ തീയതി തീരുമാനിക്കും. നവകേരള സദസ്സില്‍ മന്ത്രിയായി പങ്കെടുക്കണമെന്നുള്ള കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യവും നിറവേറുമെന്നാണ് സൂചനകള്‍.

എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും.

29ന് സത്യപ്രതിജ്ഞ എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തീയതിയില്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ഗവര്‍ണറുടെ സമയം കൂടി തേടും. ഇടതുമുന്നണി തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗതമന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും. സാധാരണ ഇതേ വകുപ്പുകള്‍ തന്നെയാണ് പകരം വരുന്നവര്‍ക്ക് ലഭിക്കേണ്ടത്.

ഗണേഷ് കുമാര്‍ മുമ്പ് ഗതാഗതവകുപ്പും കടന്നപ്പള്ളി തുറമുഖവകുപ്പും ഭരിച്ചിട്ടുമുണ്ട്. ഇതോടെ നവകേരളസദസില്‍ പങ്കാളികളാകാന്‍ കെ.ബി.ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും വഴിയൊരുങ്ങുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments