
എറണാകുളം : നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത്. വലിയ വിവാദമായിരുന്നു സംഭവം ഉണ്ടാക്കിയത്. ഇപ്പോഴിതാ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ് തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
“തന്റെ പരാതിയിൽ ഉൾപ്പെട്ടവരാണ് നടപടിയ്ക്ക് പിന്നിലുള്ളത്. സിനിമാ രംഗത്ത് പവർ ഗ്രൂപ്പുണ്ട്. തനിക്ക് ഉണ്ടായ മോശം അനുഭവം ചൂണ്ടിക്കാണിച്ചതിനു പരാതിക്കാരി എന്ന നിലയിൽ തന്നെ സംരക്ഷിക്കുന്നതിന് പകരം സംഘടന പുറത്താക്കുകയാണ് ചെയ്‌തത്. ഇതിന് പിന്നിലെ സ്വാധീനം ആരുടേതാണെന്ന് തനിക്കറിയാമെന്നും സാന്ദ്ര തോമസ് പറയുന്നു”.
പുറത്തുള്ള എല്ലാവരും പവർ ഗ്രൂപ്പെന്ന് കരുതിയിരിക്കുന്നത് അമ്മയിലെ താരങ്ങളെയാണ്. ലാലേട്ടനും മമ്മൂക്കയുമൊക്കെയാണ് ഇതിന്റെ തലപ്പത്തുള്ളത് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ അത് തെറ്റിദ്ധാരണയാണ്. അവരുടെ മേൽ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നിൽക്കുന്ന ചിലരാണ് പവർഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് പവർ ഗ്രൂപ്പിലെ പ്രമുഖർ ഉള്ളതെന്നും സാന്ദ്ര തോമസ് പറയുന്നു.
ആരോപണങ്ങൾ ഉയർന്നപ്പോൾ അമ്മയിലെ ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു. നടൻ ദിലീപിനെതിരെ ആരോപണം വന്നപ്പോൾ അമ്മയിൽ നടപടി ഉണ്ടായി. എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അദ്ദേഹം തുടരുകയാണ്. അമ്മയിലുള്ള ആളുകളെ നമ്മൾ തെറ്റിദ്ധരിക്കുന്നതാണ് എന്നത് തുടക്കം മുതലേ താന്‍ പറയുന്ന കാര്യമാണ്. അമ്മയിലുള്ള നടന്മാരും നടിമാരും ഏറ്റവും സ്വാധീനമുള്ളവരാണെന്ന് നമ്മൾ തെറ്റിദ്ധരിച്ചതാണ്. അതിനേക്കാളും സ്വാധീനമുള്ളവരാണ് കെഇപിഎ എന്ന സംഘടനയിൽ ഉള്ളതെന്നും സാന്ദ്ര തോമസ് പറയുന്നു.
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ആണ് ഉള്ളത്. അവരുടെ സ്വാധീനത്തിന്റെ ബലത്തിലാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നത്. തന്നെപ്പോലെ ഒരു സ്ത്രീ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. തന്റെ ജീവന് വരെ ഭീഷണിയുണ്ട്. തന്നെ മോശക്കാരിയാക്കാനും വലിയൊരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഒന്നിനെയും താന്‍ ഭയപ്പെടുന്നില്ല. എല്ലാത്തിനേക്കാളും വലുതാണ് തന്റെ ആത്മാഭിമാനമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.