Sabarimala: അയ്യപ്പ ദര്‍ശനം സാധിക്കാതെ ഭക്തര്‍ മാലയൂരി മടങ്ങുന്നു; തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കരുതെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായതോടെ അയ്യപ്പ ദര്‍ശനം സാധ്യമാകാതെ തീര്‍ത്ഥാടകര്‍ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് ഭക്തര്‍ തിരികെ പോകുന്നത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരാണ് മണിക്കൂറുകളോളം കാത്തുനിന്നിട്ടും ദര്‍ശനം ലഭിക്കാതെ മടങ്ങുന്നത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു.

അതേസമയം, ശബരിമല തീര്‍ത്ഥാടനത്തില്‍ ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി.

ശബരിമലയെ പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്ന യുഡിഎഫ് എംപിമാര്‍ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ശബരിമലയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിന്റെ പ്രതിഷേധം. ശബരിമലയെ പ്രധാനപ്രശ്നമായി എടുത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ കുഴപ്പം കാണിച്ചെന്ന് കാട്ടി കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെന്നാണ് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഉദ്ദേശം നമ്മുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ പരിഭ്രാന്തരാക്കുക എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ശബരിപീഠം മുതല്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞ് മുന്നോട്ടു നീങ്ങാനാകാത്ത അവസ്ഥയിലാണ്. ദര്‍ശനം കഴിഞ്ഞെത്തുന്നവരെ തിരികെയെത്തിക്കാനുള്ള ഗടഞഠഇ ബസുകളും വഴിയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഭക്തര്‍ക്ക് തിരികെ പോകാനും കഴിയാത്ത അവസ്ഥയാണ്.

തിരക്ക് നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാര്‍ ഡ്യൂട്ടിയിലില്ലാത്തതും തിരിച്ചടിയാകുന്നു. പ്രതിദിനം 80,000 തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഡ്യൂട്ടിയിലുള്ളത് ആകെ 1850 പൊലീസുകാരാണ്. എട്ട് മണിക്കൂറുള്ള ഒരു ഷിഫ്റ്റിലുള്ളത് 615 പൊലീസുകാരും. തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിയോഗിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

തുടര്‍ച്ചയായി അഞ്ചാംദിനവും ശബരിമല പാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. തീര്‍ത്ഥാടകരുടെ പ്രയാസം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പമ്പയിലെത്താനും തിരിച്ചുപോകാനും വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായി ഭക്തര്‍ പറയുന്നു. ബസില്‍ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ജനലുകളില്‍ കൂടി തിക്കിത്തിരക്കി ഉള്ളില്‍ക്കടക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പര്യാപ്തമായതോതില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 654 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് ഈ മേഖലയില്‍ സര്‍വീസ് നടത്തിയത്. സമാനമായ രീതിയില്‍ ഇന്നും സര്‍വീസിന് തയ്യാറാണെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ വിശദീകരിക്കുന്നത്.

എന്നാല്‍, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറച്ച് വാഹനങ്ങള്‍ മാത്രമെ സ്റ്റാന്‍ഡിലേക്ക് എത്തിക്കുന്നുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ആളുകളുമായി നിലയ്ക്കലില്‍ നിന്ന് പമ്പാ മേഖലയിലേക്ക് പോയാല്‍ ആ മേഖലയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടും. അതിനാലാണ് പോലീസ് നിയന്ത്രണം നിര്‍ദേശിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments