എം.സി. ദത്തന് പുതിയ എ.സി വാങ്ങാന്‍ 82000 രൂപ അനുവദിച്ചു

തിരുവനന്തപുരം: ചൂട് കുറക്കാൻ എ.സി വേണമെന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ ആവശ്യം പരിഗണിച്ച് പുതിയ എ.സി. വാങ്ങാന്‍ പണം അനുവദിച്ച് ധനവകുപ്പ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സയൻസ് മെന്റര്‍ എം.സി ദത്തന്റെ ഓഫിസ് റൂമിലെ എയര്‍ കണ്ടീഷണര്‍ മാറ്റി പുതിയത് സ്ഥാപിക്കാനാണ് 82000 രൂപ അനുവദിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണ് എം.സി. ദത്തന്‍. സെക്രട്ടേറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ നാലാം നിലയിലാണ് എം.സി ദത്തന്റെ ഓഫിസ്.

യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്ന എം.സി ദത്തനെ തിരിച്ചറിയാതെ പോലിസുകാര്‍ തടഞ്ഞ് വച്ചത് വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ മെന്ററാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പോലിസുകാരോട് പറഞ്ഞപ്പോഴാണ് ദത്തനെ പോലിസ് കടത്തിവിട്ടത്. ഇതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ നിനക്കൊകെ വേറെ പണിയില്ലേ, ഇതിലും ഭേദം തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം. ഇത് വന്‍ വിവാദമായി.

ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു ദത്തന്‍ . വിമര്‍ശനങ്ങളെ തുടര്‍ന്ന് ഉപദേഷ്ടാക്കള്‍ വേണ്ട എന്ന് പിണറായി തീരുമാനിച്ചെങ്കിലും മെന്റര്‍ ( സയന്‍സ്) എന്ന പേരില്‍ ദത്തനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

എന്ത് സയന്‍സ് ഉപദേശമാണ് ദത്തന്‍ പിണറായിക്ക് നല്‍കിയത് എന്നത് അജ്ഞാതം. 37 പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളാണ് പിണറായിക്ക് ഉള്ളത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ മറ്റ് കേരള മുഖ്യമന്ത്രിമാരില്‍ ഒന്നാമനാണ് പിണറായി. പേഴ്‌സണല്‍ സ്റ്റാഫുകള്‍ കൂടിയാല്‍ ശമ്പളം മാത്രമല്ല ഖജനാവിന് ചെലവ്.

സഞ്ചരിക്കാന്‍ വാഹനം, ഓഫിസ്, എ.സി, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഖജനാവ് വക . വിരമിച്ചാല്‍ പെന്‍ഷനും ആനുകൂല്യവും ആയി കിട്ടുന്നത് ലക്ഷങ്ങളും . കൂടെ കൂടെ എ.സി മാറ്റുന്നത് സെക്രട്ടേറിയേറ്റില്‍ പതിവാണ് എന്ന് ഓരോ മാസവും ഇറങ്ങുന്ന ഉത്തരവുകള്‍ പരിശോധിച്ചാല്‍ വ്യക്തം.

തണുപ്പ് കുറഞ്ഞാല്‍ സയന്‍സ് ഉപദേശം പാളരുതല്ലോ. അതായിരിക്കാം സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ എ.സി സ്ഥാപിക്കാന്‍ ദത്തന് പണം അനുവദിച്ചതും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments