
മദ്യലഹരിയില്‍ ലോറിയോടിച്ച് കയറ്റി; അഞ്ചുപേർ മരിച്ചു
തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി പാഞ്ഞുകയറി അഞ്ചുപേർ മരിച്ചു. ലോറിയോടിച്ചിരുന്ന ക്ലീനർ മദ്യലഹരിയിലായിരുന്നതാണ് അപകടത്തിന് കാരണം. ഇയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടിക ജെകെ തിയേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഡൈവേർഷൻ സിഗ്നല്‍ കാണാതെ ലോറി നേരെ ഓടിച്ചുപോയതാണ് അപകട കാരണം.
അപകടത്തിനുശേഷം നിർത്താതെ പോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് ദേശീയ പാതയിൽ നിന്ന് തടയുകയായിരുന്നു. പിന്നീട് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഹൈവേയിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.
നാടോടികളായ 2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ നാലുമണിയോടെ വലിയ നിലവിളി കേട്ടാണ് പ്രദേശവാസികൾ ഹൈവേയിലേക്ക് ഓടിയെത്തിയത്. വാഹനം വരില്ലെന്ന് ഉറപ്പായിരുന്ന സ്ഥലത്ത് നാടോടി സംഘാംഗങ്ങൾ മരിച്ചു കിടക്കുന്നതു കണ്ടു പ്രദേശവാസികൾ ആദ്യം ഞെട്ടി. മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വെളിച്ചക്കുറവ് മൂലം ആദ്യഘട്ടത്തിൽ എത്ര പേർ മരിച്ചുവെന്ന് പോലും വ്യക്തമായില്ല. ഉടൻ തന്നെ വലപ്പാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.