കുസാറ്റില്‍ മരിച്ചവരെ മറന്ന് മുഖ്യമന്ത്രിയും പി. രാജീവും; അനുശോചനം പോലും രേഖപ്പെടുത്താതെ മന്ത്രിസഭായോഗം

തിരുവനന്തപുരം – കൊച്ചി സര്‍വ്വകലാശാല ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളെയും പരിക്കേറ്റവരെയും പരിഗണിക്കാതെ സംസ്ഥാന മന്ത്രിസഭായോഗം. കുസാറ്റ് ദുരന്തത്തിന് ശേഷം നവംബര്‍ 28ന് നടന്ന മന്ത്രിസഭ യോഗത്തില്‍ മരണപെട്ടവര്‍ക്ക് സാമ്പത്തിക സഹായമോ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നവര്‍ക്ക് ചികില്‍സ സഹായമോ പ്രഖ്യാപിച്ചില്ല.

വ്യവസായ മന്ത്രി പി. രാജീവിന്റെ മണ്ഡലത്തില്‍ നടന്ന ദുരന്തത്തെക്കുറിച്ച് അദ്ദേഹം പോലും മന്ത്രിസഭാ യോഗത്തില്‍ മിണ്ടിയില്ല എന്നതാണ് ശ്രദ്ധേയം. നിരവധി വിമര്‍ശനങ്ങളാണ് ഇക്കാര്യത്തില്‍ ഉയരുന്നത്.

മുന്‍കാലങ്ങളില്‍ ഒരു ദുരന്തം ഉണ്ടായാല്‍ തൊട്ടടുത്ത മന്ത്രിസഭ യോഗത്തിന്റെ അജണ്ടയില്‍ ആദ്യ വിഷയമായി അത് പരിഗണിച്ച് സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയാണ് പതിവ്.

ആദ്യമായിട്ടാണ് ഇതിന് ഘടക വിരുദ്ധമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇവിടെ അനുശോചനം പോലും രേഖപ്പെടുത്താന്‍ മന്ത്രിസഭാ തയ്യാറായില്ലെന്നതാണ് സങ്കടകരം.

നവകേരള സദസില്‍ ചീഫ് സെക്രട്ടറിയും ബസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മന്ത്രിസഭ യോഗത്തില്‍ ചീഫ് സെക്രട്ടറിയും കുസാറ്റ് വിഷയം മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ ശ്രദ്ധയില്‍ കൊണ്ട് വന്നില്ല. നവകേരള സദസ്സിനിടെ നടന്ന ആദ്യ മന്ത്രിസഭ യോഗം കൊടുവള്ളിയിലെ ഒരു ബാര്‍ ഹോട്ടലില്‍ വച്ചായിരുന്നത് വിവാദമായിരുന്നു. നവംബര്‍ 28ന് നടന്ന മന്ത്രിസഭ യോഗത്തിന് വേദിയായി തെരഞ്ഞെടുത്തത് കോടിശ്വരനായ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വസതിയിയായിരുന്നു.

ആദ്യമായിട്ടാണ് ഒരു മന്ത്രിയുടെ വീട്ടില്‍ മന്ത്രിസഭ യോഗം ചേരുന്നത്. വി. അബ്ദുറഹിമാന്റെ തിരൂര്‍ വെള്ളേക്കാട്ട് തറവാട്ടില്‍ നടന്ന മന്ത്രിസഭ യോഗം രാവിലെ 9 ന് ആരംഭിച്ച് 10.30 ന് അവസാനിച്ചു. മന്ത്രിസഭ യോഗം കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളേക്കാട്ട് തറവാട്ടില്‍ നിന്ന് നവകേരള സദസില്‍ പങ്കെടുക്കാന്‍ യാത്രയായത്.

മന്ത്രിയുടെ വസതിയിലെ ആഘോഷത്തിനിടയില്‍ നടന്ന മന്ത്രിസഭ യോഗത്തില്‍ കുസാറ്റ് വിഷയം ഒരു മന്ത്രിയും ഉന്നയിച്ചില്ല. കളമശേരി എം.എല്‍.എ കൂടിയായ വ്യവസായ മന്ത്രി പി. രാജീവോ, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവോ കുസാറ്റ് വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. നവകേരള സദസിനിടെ നവംബര്‍ 25ന് നടന്ന കുസാറ്റ് ദുരന്തത്തില്‍ സര്‍ക്കാരിനെ പ്രതിനിധികരിച്ച് ദുരന്തമുഖം സന്ദര്‍ശിച്ച മന്ത്രിമാര്‍ പി. രാജീവും ആര്‍. ബിന്ദുവും ആയിരുന്നു.

മന്ത്രിസഭ യോഗത്തില്‍ കുസാറ്റ് ദുരന്ത നിരയായവര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് അടിയന്തിരമായി ഇവര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച സതീശന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments