Kerala

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായാല്‍ ലക്ഷങ്ങള്‍ പെൻഷൻ; മുൻമന്ത്രിയുടെ ശിപായിക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ ഇങ്ങനെ..

അഞ്ച് വർഷം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ശിപായി തസ്തികയിൽ ജോലി ചെയ്താലും പെൻഷൻ ആനുകൂല്യമായി ലഭിക്കുന്നത് ലക്ഷങ്ങൾ.

പെൻഷന് പുറമെ ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ (5 മാസത്തെ ശമ്പളം) എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

നവംബർ 20 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മുൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ശിപായി ( ഓഫിസ് അറ്റൻഡന്റ്) ആയ കെ. മിനിക്ക് പെൻഷൻ ആനുകൂല്യങ്ങൾ ആയി ലഭിച്ചത് ലക്ഷങ്ങളാണ്.

2016 ജൂൺ 9 മുതൽ 2021 മെയ് 31 വരെയാണ് കെ. മിനി ടി.പി രാമകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിൽ ശിപായി ആയി ജോലി ചെയ്തത്. പെൻഷനും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മിനി സർക്കാരിനെ സമീപിച്ചിരുന്നു. 3350 രൂപയാണ് മിനിയുടെ പ്രതിമാസ പെൻഷൻ.

പെൻഷനോടൊപ്പം 7 ശതമാനം ഡി.എ യും ലഭിക്കും. 18 ശതമാനം ഡി.എ കുടിശികയാണ്. ഡി.എ കുടിശിക അനുവദിക്കുന്ന മുറയ്ക്ക് മിനിയുടെ ഡി.എ യും ഉയരും. 69, 015 രൂപ ഗ്രാറ്റുവിറ്റിയായും 1,78, 488 രൂപ പെൻഷൻ കമ്യൂട്ടേഷനായും മിനിക്ക് ലഭിക്കും.

2 ലക്ഷം രൂപ ടെർമിനൽ സറണ്ടറായും ലഭിക്കും. 5 വർഷത്തെ ജോലിക്ക് 5 മാസത്തെ ശമ്പളമാണ് ടെർമിനൽ സറണ്ടർ ആയി ലഭിക്കുക. 1500 പേരാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങിക്കുന്നത്. 6 കോടി രൂപയാണ് പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനായി ഒരു വർഷം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്.

തസ്തികയുടെ സ്വഭാവം അനുസരിച്ച് പേഴ്സണൽ സ്റ്റാഫിന് ലഭിക്കുന്ന ആനുകൂല്യങ്ങളും ഉയരും. 5 വർഷത്തെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്താൽ ലഭിക്കുന്ന പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും ചുവടെ;

1 . പേഴ്സണൽ അസിസ്റ്റന്റ് – 10,000 രൂപ , 15 ലക്ഷം 2. അഡീഷണൽ പി എ – 10,000 രൂപ, 15 ലക്ഷം 3. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി – 12,000 രൂപ, 18 ലക്ഷം 4. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി – 15,000 രൂപ , 20 ലക്ഷം 5. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി – 20,000 രൂപ , 23 ലക്ഷം 6. പൊളിറ്റിക്കൽ സെക്രട്ടറി 20000 രൂപ, 23 ലക്ഷം 7. പ്രൈവറ്റ് സെക്രട്ടറി – 20000 രൂപ , 23 ലക്ഷം.

Leave a Reply

Your email address will not be published. Required fields are marked *