ഗവർണർക്ക് കത്തെഴുതിയത് അബദ്ധം !! രാജിയല്ലാതെ മറ്റൊരു വഴിയും ഇല്ല , ആഡംബര ബസിൽ നിന്ന് ബിന്ദു ഇറങ്ങും
കണ്ണൂർ സർവ്വകലാശാലയിലെ വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജി വയ്ക്കണം എന്നാവശ്യം ശക്തമായി ഉയരുന്നു.
ബിന്ദുവിന് വിനയായത് ഗവർണർക്ക് എഴുതിയ കത്താണ് . ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ട് തലേ ദിവസം ആണ് ബിന്ദു ഗവർണർക്ക് കത്ത് നൽകിയത്.
അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണം എന്നായിരുന്നു ബിന്ദുവിന്റെ കത്ത്. പ്രോചാൻസിലർ എന്ന പദവി ഉപയോഗിച്ചായിരുന്നു ഗോപിനാഥിന്റെ പുനർ നിയമനത്തിന് ബിന്ദു കത്ത് നൽകിയത്.
1996 ലെ കണ്ണൂർ സർവകലാശാല നിയമത്തിലും സർവ്വകലാശാല സ്റ്റ്യാറ്റ്യൂട്ടിലും പ്രോ ചാൻസലർക്ക് ഇങ്ങനൊരു അവകാശമില്ല. സർവ്വകലാശാല നിയമപ്രകാരം പ്രോ ചാൻസലർ ഒരു അലങ്കാര പദവിയാണ്. സുപ്രീം കോടതി വിധി എതിരായതോടെ വി.സി നിയമനം ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന ക്യാപ്സൂളുമാണ് ബിന്ദു രംഗത്തിറങ്ങി. പിന്നെ എന്തിനാണ് വി.സി ആയി ഗോപിനാഥിന് പുനർ നിയമനം കൊടുക്കണമെന്ന് ബിന്ദു കത്തിലൂടെ ആവശ്യപ്പെട്ടത് എന്ന ചോദ്യമാണ് ഉയരുന്നത്. വീണിടത്ത് കിടന്ന് ഉരുളുകയാണ് ബിന്ദു.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങി കഴിഞ്ഞു. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വി.സിയെ നിയമിച്ചതെന്നും വി.സിക്ക് വേണ്ടി ചാന്‍സിലറായ ഗവര്‍ണര്‍ക്ക് പ്രോ ചാന്‍സിലറായ മന്ത്രി കത്തെഴുതിയത് നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെടാന്‍ പാടില്ല. കത്തെഴുതുക മാത്രമല്ല, പ്രായപരിധി കഴിഞ്ഞയാള്‍ക്ക് നിയമവിരുദ്ധമായി നിയനം നല്‍കുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്.
നിയമവിരുദ്ധ വി.സി നിയമനത്തില്‍ അനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നു തന്നെ രാജി വച്ച് പുറത്ത് പോകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
യു.ജി.സി മാനദണ്ഡങ്ങളും യൂണിവേഴ്‌സിറ്റി ആക്ടും ലംഘിച്ച് പ്രോ വി.സി കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശത്തില്‍ അനാവശ്യ ഇടപെടലാണ് നടത്തിയത്. ഈ വിക്കറ്റ് വീഴേണ്ട വിക്കറ്റാണ്. അനാവശ്യ ഇടപെടല്‍ നടത്തിയ മന്ത്രി ഇന്ന് തന്നെ രാജിവയ്ക്കണമെന്നും സതീശൻ പറഞ്ഞു.
കത്ത് എഴുതിയതാണ് ബിന്ദുവിന് പറ്റിയ അമളി. രാജി വയ്ക്കുക അല്ലാതെ മറ്റൊരു വഴിയും ബിന്ദുവിന് മുന്നിലില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ബിന്ദു കത്തെഴുതിയത്. അതുകൊണ്ട് തന്നെ ബിന്ദുവിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടില്ല. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ ഉയരുമെന്ന് മുഖ്യമന്ത്രിക്കറിയാം.
സുപ്രീം കോടതി വിധിയോടെ ധാർമികമായി മന്ത്രി സ്ഥാനത്ത് തുടരാൻ ബിന്ദുവിന് അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. നവകേരള സദസിന്റെ തിരക്കിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും .
നവകേരള ആഡംബര ബസിൽ നിന്ന് മന്ത്രി സ്ഥാനം രാജിവച്ച് ബിന്ദു ഇറങ്ങേണ്ടി വന്നാൽ സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടും എന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്. സുപ്രീം കോടതി വിധിയോടെ പ്രതിച്ഛായ നഷ്ടപെട്ട സർക്കാരിന് മന്ത്രി കസേരയിൽ ബിന്ദു കടിച്ച് തൂങ്ങിയാൽ പ്രതിച്ഛായ നഷ്ടം വർദ്ധിക്കുകയേ ഉള്ളൂ.
ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കടുത്താൽ നവകേരള സദസിനെ പ്രതികൂലമായി ബാധിക്കും എന്നും സർക്കാർ വിലയിരുത്തുന്നു.
ബിന്ദുവിനെ ബലി കൊടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കം പിണറായിയുടെ ഭാഗത്ത് നിന്നുണ്ടാവും എന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തൽ.