തിരുവനന്തപുരം: എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സ് പൊക്കിയാല്‍ രക്ഷിക്കാന്‍ മന്ത്രി എം.ബി രാജേഷ്. കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫിസിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജിയെ വിജിലന്‍സ് കേസില്‍ നിന്ന് മന്ത്രി എം.ബി രാജേഷ് ഇടപെട്ട് രക്ഷപ്പെടുത്തി.
കള്ളുഷാപ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പണം കൈപറ്റുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 2022 മാര്‍ച്ച് 31 ന് മിന്നല്‍ പരിശോധന നടത്തിയിരുന്നു.
ഓഫിസിലെ റെക്കോര്‍ഡ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള പഴയ ഫയലുകള്‍ക്കിടയില്‍ നിന്ന് 15,500 രൂപ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. 2022- 23 വര്‍ഷത്തെ കള്ള് ഷാപ്പുകളുടെ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഒന്നിന് 16000 രൂപ മുതല്‍ 19,500 രൂപ വരെ കൈക്കൂലി വാങ്ങുന്നതായും അത് ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഡെപ്യൂട്ടി എക്‌സൈസ് ഡിവിഷന്‍ ഓഫിസിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷനില്‍കുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. ദിലിപ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
ഇതില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി ഒഴികെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എക്‌സൈസ് കമ്മീഷണര്‍ തലത്തില്‍ തുടര്‍ന്ന് വരുന്നു. ഷാജിയുടെ വാദമുഖങ്ങള്‍ കേട്ടതിന് ശേഷമാണ് കര്‍ശന അച്ചടക്ക നടപടി ഒഴിവാക്കാന്‍ മന്ത്രി എം.ബി രാജേഷ് തീരുമാനിച്ചത്. ഷാജി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് എം.ബി രാജേഷിന്റെ ഉപദേശം.
താരതമ്യേന ഏറ്റവും കുറഞ്ഞ ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി ഷാജിയെ വിജിലന്‍സ് കേസില്‍ നിന്ന് മന്ത്രി രാജേഷ് ഊരി കൊടുത്തു. മന്ത്രി ഫയലില്‍ ഒപ്പിട്ടതിന് പിന്നാലെ നവംബര്‍ 28 ന് നികുതി വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി.