Kerala

ഷംസീറിനെക്കൊണ്ട് വെള്ളക്കര കുടിശ്ശിക അടപ്പിച്ച് റോഷി അഗസ്റ്റിന്‍; ധനവകുപ്പിനെ നിർബന്ധിച്ച് 16.50 ലക്ഷം അനുവദിപ്പിച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കുടിവെള്ളത്തിന് നിരക്ക് വര്‍ദ്ധിപ്പിച്ചത് സാധാരണ ജനങ്ങളുടെ മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ദൈനംദിന ചെലവ് കൂട്ടിയിരുന്നു. നിയമസഭയുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെള്ളക്കരം അടയ്ക്കാനായി 16.50 ലക്ഷം രൂപ അധികമായി വേണ്ടി വന്നിരിക്കുകയാണ് നിയമസഭയില്‍. കുടിശ്ശികയുടെ പാപഭാരം ചുമക്കാന്‍ താല്‍പര്യമില്ലാത്ത സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധിക ഫണ്ട് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കി.

വെള്ളക്കര കുടിശിക അടയ്ക്കാന്‍ 16.50 ലക്ഷം വേണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം. ഇതോടെ നവംബര്‍ 22 ന് 16.50 ലക്ഷം വെള്ളക്കര കുടിശിക തീര്‍ക്കാന്‍ അധിക ഫണ്ടായി ധനവകുപ്പ് അനുവദിച്ചു. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. തുക ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. 23 ലക്ഷം ആയിരുന്നു വാട്ടര്‍ ചാര്‍ജിനായി ബജറ്റില്‍ നിയമസഭക്ക് നല്‍കിയിരുന്നത്.

അതേസമയം, ആകെ 1300 കോടിയിലേറെ രൂപ കുടിശ്ശിക കിട്ടാനുള്ള സ്ഥാപനമാണ് കേരള വാട്ടര്‍ അതോറിറ്റി. ഇത് പ്രതിസന്ധി സൃഷ്ടിച്ചതോടെ വെള്ളക്കരം കൂട്ടിയാണ് അതിന് മറികടക്കാനുള്ള ശ്രമം പിണറായി സര്‍ക്കാര്‍ നടത്തിയത്.

കുടിവെള്ള നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മൂന്ന് മാസത്തില്‍ വാട്ടര്‍ അതോറിട്ടിക്ക് അധിക വരുമാനമായി ലഭിച്ചത് 92 കോടി രൂപയാണ്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ കണക്കാണിത്. ഫെബ്രുവരിയിലാണ് ആയിരം ലിറ്ററിന് (ഒരു കിലോലിറ്റര്‍) 10 രൂപ വര്‍ദ്ധിപ്പിച്ചത്. നിരക്ക് വര്‍ദ്ധനയിലൂടെ പ്രതിവര്‍ഷം 300 കോടിയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അധിക വരുമാനം ലഭിക്കുമ്പോഴും കുടിശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ വാട്ടര്‍ അതോറിട്ടി ശുഷ്‌കാന്തി കാണിക്കുന്നില്ല.

5913 കോടിയാണ് ജല അതോറിട്ടിയുടെ ഇതുവരെയുള്ള നഷ്ടം. സംസ്ഥാനത്താകെ വാട്ടര്‍ അതോറിട്ടിയുടെ 29 ഡിവിഷനുകളിലായി സര്‍ക്കാര്‍, ഗാര്‍ഹിക, വന്‍കിട സ്ഥാപനങ്ങളില്‍ നിന്നടക്കം 1352 കോടിയാണ് പിരിഞ്ഞു കിട്ടേണ്ടത്. ഗവ. ലാ കോളേജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസ്, അനുബന്ധ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയവ അടക്കം നൂറോളം സ്ഥാപനങ്ങളും കുടിശിക അടയ്ക്കാനുണ്ട്. 1990 മുതല്‍ കുടിശിക അടയ്ക്കാത്ത സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *