Sports

മാരക്കാനായില്‍ അര്‍ജന്റീന ജയം; ബ്രസീലിന് തുടർച്ചയായ തോല്‍വി

റിയോഡി ജനീറോ : മാരക്കാനായിലെ ഐതിഹാസിക കളിക്കളത്തിലും ഗ്യാലറിയിലും പരുക്കന്‍ നീക്കങ്ങള്‍ സംഭവിച്ച കളിയില്‍ ബ്രസീലിന്റെ ചിറകരിഞ്ഞ് അര്‍ജന്റീന.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാര്‍ വിജയിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ മത്സരമാണ് ബ്രസീല്‍ തോല്‍ക്കുന്നത്. കഴിഞ്ഞ കളികളില്‍ ഉറുഗ്വായോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.

അര്‍ജന്റീനയും ലോകകപ്പ് നേടിയ ശേഷം ആദ്യമായി കഴിഞ്ഞ കളിയില്‍ ഉറുഗ്വായ്ക്കു മുന്നില്‍ കീഴടങ്ങിയിരുന്നു. അറുപത്തിമൂന്നാം മിനിറ്റില്‍ നിക്കൊളാസ് ഒറ്റമെന്‍ഡിയുടെ ബുള്ളറ്റ് ഹെഡറിലൂടെ നേടിയ ഗോളിലാണ് അര്‍ജന്റീന ജയിച്ചത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരത്തില്‍ ബ്രസീല്‍ ആദ്യമായാണ് തോല്‍ക്കുന്നത് 81ാം മിനിറ്റില്‍ ന്യൂകാസില്‍ താരം ജോലിന്റന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് കളിച്ചത്.

അതേസമയം, ഇരു ടീമിന്റെയും ആരാധകര്‍ ഗ്യാലറിയില്‍ ഏറ്റുമുട്ടിയതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍-അര്‍ജന്റീന മത്സരം അര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഐതിഹാസികമായ മാരക്കാനാ സ്റ്റേഡിയത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന മത്സരത്തിനായി അണിനിരന്നപ്പോഴാണ് കൈയാങ്കളി രൂക്ഷമായത്. തുടര്‍ന്ന് അവര്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. 27 മിനിറ്റിനു ശേഷമാണ് കളി പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *