തിരുവനന്തപുരം: മന്ത്രിയായാല്‍ ഭാര്യയുടേയും അമ്മയുടേയും കുടുംബത്തിന്റെ മുഴുവന്‍ ചികില്‍സയും സര്‍ക്കാര്‍ വക. ജനത്തിന്റെ നികുതി പണത്തില്‍ ചികില്‍സിച്ച് മന്ത്രി കുടുംബം കഴിയും.
കോടിശ്വരന്‍മാരായ മന്ത്രിമാര്‍ വരെ കുടുംബത്തിന്റെ ചികില്‍സക്ക് സര്‍ക്കാര്‍ ഖജനാവിനെ ആശ്രയിക്കും. ഖജനാവ് കാലിയാണോ എന്നൊന്നും ഇക്കൂട്ടര്‍ക്ക് വിഷയമല്ല. ചികില്‍സക്ക് പണം ലഭിക്കുന്നത് തങ്ങളുടെ അവകാശമാണ് എന്നാണ് മന്ത്രിമാരുടെ പക്ഷം.
4.38 കോടിയുടെ ആസ്തിയുള്ള തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തന്റെയും ഭാര്യയുടേയും അമ്മയുടേയും ചികില്‍സക്ക് ചെലവായ 2,25,532 രൂപ വേണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുഭരണവകുപ്പില്‍ നിന്ന് തുകയും അനുവദിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ഇഖ്‌റ ആശുപത്രിയിലും ആണ് അഹമ്മദ് ദേവര്‍ കോവിലിന്റെ അമ്മ ചികില്‍സ തേടിയത്. 2022 നവംബര്‍ 3 മുതല്‍ നവംബര്‍ 8 വരെ തിരുവനന്തപുരം ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റലില്‍ ആയിരുന്നു മന്ത്രിയുടേയും ഭാര്യയുടേയും ചികില്‍സ. 1.04 ലക്ഷമാണ് ഇരുവരുടേയും 5 ദിവസത്തെ ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റലിലെ ചികില്‍സക്ക് ചെലവായത്.
നവകേരള സദസ് കഴിഞ്ഞാല്‍ മന്ത്രിസഭ പുനഃസംഘടനയിലേക്ക് കടക്കുകയാണ് പിണറായി. അഹമ്മദ് ദേവര്‍ കോവിലിന് മന്ത്രി സ്ഥാനം നഷ്ടപ്പെടും. പകരം കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകും.
മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ അഹമ്മദ് ദേവര്‍ കോവില്‍ ചിലവായ ആശുപത്രി ബില്ലുകള്‍ പരമാവധി പൊതുഭരണ വകുപ്പില്‍ അയച്ച് പാസാക്കി എടുക്കുന്ന തിരക്കിലാണ്. അതിനുള്ള നിര്‍ദ്ദേശം ഓഫിസിന് നല്‍കിയിട്ടാണ് നവകേരള സദസിന്റെ ആഡംബര ബസില്‍ അഹമ്മദ് ദേവര്‍ കോവില്‍ കയറിയത്.