KL 15 A 2689; കറങ്ങുന്ന കസേരയും ലിഫ്റ്റും കക്കൂസുമുള്ള നവകേരള ബസ്

തിരുവനന്തപുരം: നവകേരള സദസ്സിനുവേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വാങ്ങിയ പുതിയ ബെന്‍സ് ബസിന്റെ നമ്പര്‍ കെഎല്‍ 15 എ 2689. ഈ മാസം ഏഴിന് കേരളത്തിലെത്തിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും പൊലീസ് സുരക്ഷാ പരിശോധന നടത്തുകയും ചെയ്തിരുന്നു.

പിന്നീട് ബെംഗളൂരുവില്‍ എത്തിച്ച് ചോക്ക്‌ലേറ്റ് ബ്രൗണ്‍ നിറം നല്‍കി. ആദ്യം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ പതിക്കാനായിരുന്നു ആലോചനയെങ്കില്‍ പിന്നീട് അത് വേണ്ടെന്ന് വെച്ചു. കേരള സര്‍ക്കാരിന്റെ ചിഹ്നം മാത്രം പതിപ്പിക്കുകയായിരുന്നു.

നവകേരള സദസ് സംഘടിപ്പിക്കാന്‍ തീരുമാനമെടുത്ത ശേഷം ഒരുക്കം ആലോചിക്കാന്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു യാത്ര ബസിലാക്കുന്നതിനെപ്പറ്റി ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി സമ്മതിച്ചതോടെ 3 മാസം മുന്‍പുതന്നെ ബസിന് ഓര്‍ഡര്‍ നല്‍കി.

മുഖ്യമന്ത്രിക്ക് ആദ്യം കാബിന്‍ ആലോചിച്ചെങ്കിലും പിന്നീട് 180 ഡിഗ്രി കറങ്ങുന്ന കസേരയിലേക്കെത്തി. നിര്‍മാതാക്കള്‍ ചൈനയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് കസേരയെത്തിയത്. ഇതാണ് ഒക്ടോബര്‍ ആദ്യയാഴ്ച കേരളത്തിനു കൈമാറുമെന്നു കരുതിയ ബസ് വൈകിയത്.

ബസില്‍ പടി കയറേണ്ടതില്ല. വാതിലില്‍ ആളെത്തിക്കഴിഞ്ഞാല്‍ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും. ഇതും കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നത്.

ബസിനായി നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന കളര്‍കോഡില്‍ ഇളവ് നല്‍കിയിട്ടുണ്ട്. മുന്‍നിരയിലെ കസേര 180 ഡിഗ്രി കറക്കാനുള്ള അനുമതി നല്‍കി. ബസ് നിര്‍ത്തിയിടുമ്പോള്‍ സ്പ്ലിറ്റ് എസി പ്രവര്‍ത്തിപ്പിക്കാനായി പുറത്തുനിന്നുള്ള വൈദ്യുതി കണക്ഷന്‍ നല്‍കാം.

കെഎസ്ആര്‍ടിസി വാങ്ങിയ ബസ് സര്‍ക്കാര്‍ വിവിഐപികള്‍ക്കു വേണ്ടിയും ടൂറിസം ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുമെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

അതിനിടെ, ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്ന് ബസ് കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലേക്ക് പുറപ്പെട്ടത്, ബെംഗളൂരുവില്‍നിന്നു മൈസൂരു, സുള്ള്യ വഴിയാണ് കാസര്‍കോട്ട് എത്തിയത്.

ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബാക്കി തുക ബോഡി നിര്‍മാണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമാണ്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് വെള്ള നിറമേ പാടുള്ളുവെങ്കിലും ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ബ്രൗണ്‍ നിറം തിരഞ്ഞെടുത്തത്.

11 ലക്ഷം രൂപ വരുന്ന ബയോ ടോയ്ലറ്റ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്സിന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments