Technology

സാംസങ് ഗാലക്‌സി എസ്25: എഡ്ജ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും 200 എംപി ക്യാമറയും: വില അറിയാം!

ആഗോള വിപണിയില്‍ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ആയ ഗാലക്‌സി എസ്25 എഡ്ജ് പുറത്തിറക്കി. ഗാലക്‌സി എസ് 25 സീരീസിലെ നാലാമത്തെ ഫോണാണിത്. ഗാലക്‌സി എസ്25 അൾട്ര, ഗാലക്‌സി എസ്25+, ഗാലക്‌സി എസ്25 എന്നിവയാണ് ഈ സീരീസിലെ മറ്റ് മോഡലുകൾ.

ഈ ശ്രേണിയിലെ മറ്റ് സ്മാർട്ട്‌ഫോണുകളിൽ കാണുന്ന എല്ലാ ഗാലക്‌സി എഐ ഫീച്ചറുകളും ഗാലക്‌സി എസ്25 എഡ്ജിലുമുണ്ട്.ഗാലക്‌സി എസ്25 എഡ്ജിൽ 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയാണുള്ളത്. 5.8 എംഎം ആണ് ഇതിന്റെ കനം. 163 ഗ്രാം ആണ് ഭാരം. ഫോണിന്റെ മുൻവശത്ത് കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 വും പിൻവശത്ത് വിക്ടസ് 2 വും ഉപയോഗിച്ചിരിക്കുന്നു.

3,900 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എസ്25 എഡ്ജിന് നൽകിയിരിക്കുന്നത്. ഇത് 25W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും റിവേഴ്‌സ് ചാർജിംഗും സപ്പോർട്ട് ചെയ്യും. ഇതിന് IP68 റേറ്റിംഗും ഉണ്ട്.

സാംസങ് ഗാലക്‌സി എസ്25 എഡ്ജിൽ ഉപയോഗിച്ചിരിക്കുന്നത് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിന്റെ ഓവർക്ലോക്ക്ഡ് പതിപ്പാണ്. 12 ജിബി എൽപിഡിഡിആർ5എക്‌സ് റാമും 512 ജിബി വരെ യുഎഫ്എസ് 4.0 സ്റ്റോറേജും ഇതിലുണ്ട്. മികച്ച താപ വിസർജ്ജനത്തിനായി പുനർരൂപകൽപ്പന ചെയ്ത വേപ്പർ ചേമ്പറും ഇതിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗാലക്‌സി എസ്25 എഡ്ജ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7.0 ലാണ് പ്രവർത്തിക്കുന്നത്. 200 എംപി പ്രധാന ക്യാമറയും 12 എംപി അൾട്രാവൈഡ് സെൻസറും ഗാലക്‌സി എസ്25 എഡ്ജിലുണ്ട്. സെൽഫികൾക്കായി 12 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഗാലക്‌സി എസ്25 എഡ്ജ് ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് നിറങ്ങളിൽ ഇന്ത്യയിൽ ലഭ്യമാകും. 12 ജിബി/256 ജിബി വേരിയന്റിന് 1,09,999 രൂപ മുതലാണ് സാംസങ് ഗാലക്‌സി എസ്25 എഡ്ജിന്റെ വില ആരംഭിക്കുന്നത്. 12 ജിബി/512 ജിബി മോഡലിന് 1,21,999 രൂപ ആണ് വില. ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകളിൽ ഇന്ന് മുതൽ പ്രീ-ഓർഡർ ആരംഭിക്കും.