News

പരീക്ഷാ വിജയം ആഘോഷിക്കാൻ പോയ വിദ്യാർഥിനി കാറിടിച്ച് മരിച്ചു

കോട്ടയം: ഹയർ സെക്കൻഡറി പരീക്ഷാ വിജയം ആഘോഷിക്കാൻ സമ്മാനം വാങ്ങാൻ പോയ വിദ്യാർഥിനി കാറിടിച്ച് മരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശി വി.ടി. രമേശിന്റെ മകൾ ആർ. അഭിദ പാർവതിയാണ് (18) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിദയുടെ അമ്മയും അധ്യാപികയുമായ കെ.ജി. നിഷ (47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.അ

കോട്ടയം കെ.കെ. റോഡിൽ മാർക്കറ്റ് ജംഗ്ഷനിൽ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു ദാരുണമായ അപകടം. മാർക്കറ്റ് ജംഗ്ഷനിൽ ബസിറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോൾ കളക്ടറേറ്റ് ഭാഗത്തുനിന്നെത്തിയ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു.

ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല. കുറുമ്പനാടം സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ അധ്യാപികയായ നിഷയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കോതമംഗലം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു അഭിദ.