പുണ്യശ്ലോക വിവാദം: രാജകുടുംബം പരിപാടിയില്‍ പങ്കെടുക്കില്ല; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: വിനീത വിധേയത്വത്തിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് വിവാദമായതോട ഇന്ന് നടക്കുന്ന ചടങ്ങില്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി എന്നിവര്‍ പങ്കെടുക്കില്ല. കൂടുതല്‍ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് കൊട്ടാരം വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തുന്ന ചടങ്ങില്‍ ഭദ്രദീപം തെളിക്കാന്‍ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി എന്നിവരെയാണ്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങില്‍ പുഷ്പാര്‍ച്ചന മാത്രമേ ഉണ്ടാവൂ. ഇന്ന് ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ചചെയ്യും. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമര്‍ശങ്ങള്‍ വിവാദത്തിന് തിരികൊളുത്തിയതിനെ തുടര്‍ന്ന്, അച്ചടിച്ച നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു. ബോര്‍ഡിന്റെ സാംസ്‌കാരിക – പുരാവസ്തു വിഭാഗം മേധാവി ബി. മധുസൂദനന്‍ നായരാണ് നോട്ടീസ് തയ്യാറാക്കിയത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു.

നോട്ടീസിന് പിന്നാലെ രാജകുടുംബാങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും പ്രചാരണങ്ങളും ഉണ്ടായെന്നും അതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും രാജകുടുംബാംഗങ്ങള്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് നോട്ടീസ് വിവാദമാക്കിയത് തങ്ങളല്ലെന്നും അവര്‍ പറയുന്നു. ബോധപുര്‍വം അവഹേളിക്കാന്‍ അവസരമുണ്ടാക്കിയ സാഹചര്യത്തില്‍ പ്രതിഷധസൂചകമായി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും രാജകുടുംബാംഗങ്ങള്‍ അറിയിച്ചു.

വിവാദമായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് പിന്‍വലിച്ചിരുന്നു. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന പോരാട്ടത്ത വിസ്മരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നു. നോട്ടീസിനെതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും രംഗത്തുവന്നിരുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി തമ്പുരാട്ടിയെ ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററില്‍ പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രവേശനവിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതനധര്‍മം ഹിന്ദുക്കളെ ഉദ്‌ബോധിപ്പിക്കുക എന്ന രാജകല്‍പ്പനയുടെ ഭാഗമാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments