ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്‌ത്രെയെ അയോഗ്യയാക്കണമെന്ന് എതിക്‌സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ ലോക്‌സഭ എതിക്‌സ് കമ്മിറ്റി ഇന്ന് നാല് മണിക്ക് ചേരും. 500 പേജുള്ള കരട് റിപ്പോര്‍ട്ടില്‍ മഹുവയുടെ നടപടികള്‍ പ്രതിഷേധാര്‍ഹവും അനീതിപരവും ഹീനവുമെന്നാണ് പറയുന്നത്. നിയമപരവും സമയബന്ധിതവുമായ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കരട് റിപ്പോര്‍ട്ട് കമ്മിറ്റി അംഗീകരിച്ചാല്‍ പാര്‍ലമെന്റിന് കൈമാറും. കോണ്‍ഗ്രസ് എം.പിമാരായ ഉത്തം റെഡ്ഡി, വൈത്തിലിംഗം എന്നിവര്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, ലോക്പാലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ എക്‌സില്‍ കുറിച്ചിരുന്നു.
പാര്‍ലമെന്ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. ചര്‍ച്ചയ്ക്കു ശേഷമാകും നടപടി സ്വീകരിക്കുക.
കഴിഞ്ഞയാഴ്ച എതിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായ മഹുവ മൊയ്ത്ര ക്ഷുഭിതയായി ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതായി മഹുവ സ്പീക്കര്‍ക്ക് കത്തു നല്‍കി. തനിക്കുനേരെ വൃത്തികെട്ട രീതിയിലാണ് കമ്മിറ്റി അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും മഹുവ കത്തില്‍ പറയുന്നു. എന്നാല്‍ മഹുവ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പ്രതികരണമാണ് പാനല്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
മഹുവയുടെ മുന്‍ പങ്കാളി കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദഹാദ്‌റായ് ആണ് അവര്‍ക്കെതിരെ സി.ബി.ഐക്കു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്കും പരാതി നല്‍കി. ദഹാദ്‌റായ്, നിഷികാന്ത് ദുബെ എന്നിവര്‍ നേരത്തെ എതിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാവുകയും തങ്ങളുടെ വാദം അവതരിപ്പിക്കുകയും ചെയ്തു.
അതേസമയം സി.ബി.ഐ കേസുമായി ബന്ധപ്പെട്ട് തന്നെ ബന്ധപ്പെടുന്ന മാധ്യമങ്ങളോടുള്ള മറുപടി മഹുവ എക്‌സില്‍ കുറിച്ചു. അദാനി ഗ്രൂപ്പ് നടത്തിയ 13,000 കോടിയുടെ അഴിമതിയില്‍ സിബിഐ കേസെടുത്തിട്ടില്ലെന്നും അവര്‍ വാങ്ങുന്ന തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും രാജ്യസുരക്ഷ പ്രശ്‌നമില്ലെന്നും മഹുവ എക്‌സില്‍ കുറിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയശേഷം തന്റെ വിഷയത്തിലേക്കും സി.ബി.ഐയെ സ്വാഗതം ചെയ്യുന്നതായി മഹുവ കൂട്ടിച്ചേര്‍ത്തു.