DefenceNews

‘മിസൈൽ മഴ’ പെയ്യിക്കാൻ ഇന്ത്യ; 44 സെക്കൻഡിൽ 12 റോക്കറ്റുകൾ; 300 കി.മീ ദൂരപരിധിയുള്ള ‘പിനാക്ക’ വരുന്നു

ന്യൂ ഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, ‘പിനാക്ക’ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന്റെ പുതിയ പതിപ്പുകൾ വരുന്നു. 120 കിലോമീറ്റർ, 300 കിലോമീറ്റർ എന്നിങ്ങനെ ദൂരപരിധി വർധിപ്പിച്ച പുതിയ പിനാക്ക റോക്കറ്റ് സംവിധാനങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഡിആർഡിഒ (DRDO) ചെയർമാൻ ഡോ. സമീർ വി. കാമത്ത് അറിയിച്ചു. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇവ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും.

ഇന്ത്യയുടെ പീരങ്കി ശേഷി ഇപ്പോൾ പൂർണ്ണമായും സ്വയംപര്യാപ്തമാണെന്നും, ഭാവിയിലെ എല്ലാ പ്രതിരോധ ആവശ്യങ്ങൾക്കും രാജ്യത്തിനകത്ത് തന്നെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

എന്താണ് പിനാക്ക?

ഡിആർഡിഒയുടെ പൂനെയിലെ ലബോറട്ടറികളിൽ വികസിപ്പിച്ചെടുത്ത, ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള സംവിധാനമാണ് പിനാക്ക. വളരെ കുറഞ്ഞ സമയം കൊണ്ട് ശത്രു പാളയത്തിൽ വലിയ തോതിലുള്ള നാശം വിതയ്ക്കാൻ ഇതിന് കഴിയും.

  • 44 സെക്കൻഡിൽ 12 റോക്കറ്റുകൾ: ഒരു ലോഞ്ചറിൽ നിന്ന് വെറും 44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ ഒരുമിച്ച് വിക്ഷേപിക്കാൻ പിനാക്കയ്ക്ക് സാധിക്കും.
  • കൃത്യത, വേഗത: നൂതനമായ നാവിഗേഷൻ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാൽ ലക്ഷ്യം കൃത്യമായി ഭേദിക്കാൻ ഇതിന് കഴിയും.
  • ‘ഷൂട്ട് ആൻഡ് സ്കൂട്ട്’: ആക്രമണം നടത്തിയ ശേഷം പെട്ടെന്ന് തന്നെ സ്ഥലം മാറാനുള്ള (shoot-and-scoot) ശേഷി, ശത്രുവിന്റെ പ്രത്യാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു.

പുതിയ പതിപ്പുകൾ കൂടുതൽ കരുത്തർ

നിലവിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന പിനാക്ക മാർക്ക്-I ന് ഏകദേശം 40 കിലോമീറ്ററാണ് ദൂരപരിധി. പിനാക്ക II, മാർക്ക്-II ER എന്നിവയ്ക്ക് 60-90 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇതിന് പിന്നാലെയാണ്, 120 കിലോമീറ്റർ, 300 കിലോമീറ്റർ എന്നിങ്ങനെ ദൂരപരിധി വർധിപ്പിച്ച പിനാക്ക-3, പിനാക്ക-4 പതിപ്പുകൾ വരുന്നത്. ഇത് ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണ ശേഷി പലമടങ്ങ് വർധിപ്പിക്കും.

ഇസ്രായേലിന്റെ അയൺ ഡോമിന് സമാനമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഡോ. കാമത്ത് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയുടെ ആകാശ്, ക്യുആർസാം, റഷ്യൻ നിർമ്മിത എസ്-400 എന്നിവയ്ക്ക് പുറമെ, എസ്-500 ന് തുല്യമായ ‘കുശ’ മിസൈൽ സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.